കോഴിക്കോട് : കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പിടികൂടി. യാത്രക്കാരിയായ യുവതിയില്‍ നിന്നാണ് 233 ഗ്രാം സ്വര്‍ണം പിടികൂടിയത്. ചാര്‍ട്ടെഡ് വിമാനത്തില്‍ മസ്ക്കറ്റില്‍ നിന്നെത്തിയ കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ് ഇവര്‍. രണ്ട് മാലകളാക്കിയും പാദസരത്തിന്റെ രൂപത്തിലും ദേഹത്ത് അണിഞ്ഞാണ് യുവതി സ്വര്‍ണം കടത്തിയത്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമാണ് യുവതിയെത്തിയത്. സന്ദര്‍ശക വിസയില്‍ മസ്ക്കറ്റില്‍ പോയ ശേഷം മാസങ്ങളോളം വിദേശത്ത് കുടുങ്ങിക്കിടന്ന ശേഷമുള്ള മടക്കയാത്രയിലായിരുന്നു സ്വര്‍ണക്കടത്ത്.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ വന്‍സംഘം തന്നെ പിടിയിലാവുകയും എന്‍ഐഎ,, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് നിര്‍ബാധം തുടരുകയാണ്. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കരിപ്പൂരിലെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നായി ഒരു കിലോ 195 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയിരുന്നു.