റാന്നി : ചെറുകോൽ -നാരങ്ങാനം – റാന്നി കുടിവെള്ള പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കുന്നതിനായി എംഎൽഎ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ. ഇതിനായി സർക്കാരിൻറെ പ്രത്യേക അനുമതി വാങ്ങും. ചെറുകോൽ, നാരങ്ങാനം പഞ്ചായത്തുകളിൽ പൂർണ്ണമായും റാന്നി പഞ്ചായത്തിന്‍റെ മൂന്നു വാർഡുകളിലും കുടിവെള്ളം എത്തിക്കുന്ന സമഗ്ര പദ്ധതിയാണ് ചെറുകോൽ – നാരങ്ങാനം – റാന്നി കുടിവെള്ള പദ്ധതി. പദ്ധതിയുടെ ട്രീറ്റ്മെൻറ് പ്ലാന്റിനായി ഖാദി ഗ്രാമോദ്യോഗ നിധിയുടെ ഉടമസ്ഥതയിലുള്ള സ്ഥലമായിരുന്നു കണ്ടുവെച്ചിരുന്നത്. എന്നാൽ ഇത് ഏറ്റെടുക്കുന്നതിന് നേരിടുന്ന സാങ്കേതിക തടസ്സങ്ങൾ മൂലം പദ്ധതി അനിശ്ചിതമായി നീണ്ടുപോയി. ഈ സാഹചര്യത്തിലാണ് നേരത്തെ കണ്ട സ്ഥലത്തിനടുത്ത് ഉള്ള സ്വകാര്യ വ്യക്തി സ്ഥലം ട്രീറ്റ്മെൻറ് പ്ലാന്റിന് വിട്ടുനൽക്കാമെന്ന് പഞ്ചായത്തിനെ അറിയിച്ചത്.
എംഎൽഎ ഫണ്ടില്‍ നിന്നും ചെലവാക്കുന്ന 25 ലക്ഷം രൂപ കഴിച്ചുള്ള തുക ചെറുകോൽ, നാരങ്ങാനം ,റാന്നി പഞ്ചായത്തുകൾ സംയുക്തമായി മുടക്കും. എംഎൽഎ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെയും മൂന്ന് പഞ്ചായത്ത് ജനപ്രതിനിധികളുടെയും യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. റോഡിന് ഇരുവശവും പൈപ്പ് ഇടുന്നതിന് കുഴി എടുത്തിരിക്കുന്നത് അപകടം സാധ്യതകൾ ഉണ്ടാക്കുന്ന കാര്യം ജനപ്രതിനിധികൾ എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തി. അപകട സാധ്യത മുന്നറിയിപ്പുകൾ വേണ്ടപോലെ സ്ഥാപിച്ച ശേഷമേ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാവൂ എന്നും പൈപ്പ് സ്ഥാപിച്ചാലുടൻ കുഴികൾ പഴയപടിയിൽ ആക്കണമെന്നും എംഎൽഎ നിർദ്ദേശം നൽകി. പ്ലാന്റിനായി വിട്ടുനിൽക്കുന്ന സ്ഥലവും എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ്മാരായ കെ ആർ പ്രകാശ്, കെ ആർ സന്തോഷ് കുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.