ദില്ലി : രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ്. 24 മണിക്കൂറിനിടെ 2,54,288 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4142 പേർ രോഗബാധിതരായി മരിച്ചു. അതേസമയം കൊവിഡിന്റെ ഇന്ത്യൻ വകഭേദം എന്ന പ്രയോഗം നീക്കം ചെയ്യണമെന്ന് കേന്ദ്രസർക്കാർ സാമൂഹിക മാധ്യമങ്ങളോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യൻ വകഭേദം എന്ന പ്രയോഗം രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കുമെന്ന സാഹചര്യത്തിലാണ് നടപടിയെന്ന് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ചയാണ് സാമൂഹിക മാധ്യമങ്ങൾക്ക് ഐടി മന്ത്രാലയം കത്ത് നൽകിയത്.
എന്നാൽ ആയിരക്കണക്കിന് പോസ്റ്റുകൾ ഇതുസംബന്ധിച്ച് നിലനിൽക്കുന്നതിനാൽ ഇന്ത്യൻ വകഭേദം എന്ന പ്രയോഗം നീക്കം ചെയ്യുന്നത് എളുപ്പമല്ലെന്നാണ് കമ്പനികളുടെ നിലപാട്. B. 1. 617 എന്ന വകഭേദത്തെ ഇന്ത്യൻ വകഭേദം എന്ന് മാധ്യമങ്ങൾ വിളിക്കുന്നതിനെതിരെയും സർക്കാർ നേരത്തെ രംഗത്തുവന്നിരുന്നു.