ഫുജൈറ: പൊതുജനാരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്തതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വർഷം എമിറേറ്റിൽ 29 ഭക്ഷ്യസ്ഥാപനങ്ങൾ പൂട്ടിയതായി ഫുജൈറ മുനിസിപ്പാലിറ്റി അറിയിച്ചു. ചില സ്ഥാപനങ്ങൾ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതായും മറ്റു ചിലത് ശുചിത്വം പാലിക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി. ചില ഭക്ഷ്യസ്ഥാപനങ്ങളിൽ ജീവനക്കാർ മാസ്കും കൈയുറകളും ധരിക്കാതിരുന്നതും ആവശ്യത്തിന് പരിശീലനം നേടിയിട്ടില്ലെന്ന് കണ്ടെത്തിയതും നടപടിക്ക് കാരണമായി. ഗുതുതര കുറ്റങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് പിഴയും ചുമത്തിയിട്ടുണ്ട്. പൊതുജനാരോഗ്യം സംരക്ഷിക്കുകയും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുകയാണ് മുനിസിപ്പാലിറ്റിയുടെ ലക്ഷ്യമെന്ന് ഡയറക്ടർ ജനറൽ മുഹമ്മദ് അൽ അഫ്ഖാം പറഞ്ഞു.
എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളും ഉയർന്ന ആരോഗ്യ നിലവാരം പുലർത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനൊപ്പം സുരക്ഷിതവും ശുചിത്വപൂർണമായതുമായ അന്തരീക്ഷം നിലനിർത്താനും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരസഭയുടെ ആരോഗ്യ നിയന്ത്രണ വിഭാഗം കഴിഞ്ഞ വർഷം 31,462 പരിശോധനകളാണ് നടത്തിയത്. ഈ പരിശോധനകളിൽ 1,525 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകി. തുടർന്ന് ആരോഗ്യ നിയന്ത്രണങ്ങൾ ആവർത്തിച്ച് ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടാനുള്ള ഉത്തരവും നൽകി. ഫുജൈറ എമിറേറ്റിനെ പൊതുജനാരോഗ്യത്തിന്റെയും സുരക്ഷയുടെയും കാര്യത്തിൽ മാതൃകയായി നിലനിർത്തുന്നത് ഉറപ്പാക്കുന്നതിനാണ് പരിശോധനകൾ നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. കീടനാശിനികളുടെ അനധികൃത ഇറക്കുമതി, വിൽപന, അല്ലെങ്കിൽ ഉപയോഗം എന്നിവ ഫുജൈറ മുനിസിപ്പാലിറ്റി നിരോധിച്ചിട്ടുണ്ട്. ലൈസൻസുള്ള പ്രഫഷനലുകൾ മാത്രമെ കീട നിയന്ത്രണ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യൂ എന്ന് നിർദേശം നൽകിയിട്ടുണ്ട്. രോഗം പരത്തുന്ന കൊതുകുകൾ, ഈച്ചകൾ, എലികൾ എന്നിവയെ ഉന്മൂലനം ചെയ്യുന്നതിനുള്ള നടപടികളും അധികൃതർ സ്വീകരിച്ചുവരുന്നുണ്ട്.