സിനിമയിലും സീരിയലുകളിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് സോന നായര്‍. കരിയറിലെ മാത്രമല്ല ജീവിത വിശേഷങ്ങളും അവര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്. ചാനല്‍ പരിപാടികളിലും സജീവമായി പങ്കെടുക്കാറുണ്ട് സോന. ഒരുകുടയും കുഞ്ഞുപെങ്ങളും എന്ന ടെലി സീരിയലിലൂടെയായിരുന്നു സോനയുടെ കരിയര്‍ തുടങ്ങിയത്. വിമന്‍സ് കോളേജില്‍ പഠിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു ടെലി സീരിയലിലേക്ക് അവസരം ലഭിച്ചത്. പാട്ടും ഡാന്‍സുമൊക്കെയായി അന്നേ കലാരംഗത്ത് സജീവമായിരുന്നു സോന. സിനിമകളൊക്കെ കാണാറുണ്ടെങ്കിലും അഭിനേത്രിയായി മാറുന്നതിനെക്കുറിച്ചൊന്നും അന്ന് ചിന്തിച്ചിട്ടേയില്ലായിരുന്നുവെന്ന് സോന പറഞ്ഞിരുന്നു.
പ്രണയവിവാഹമായിരുന്നു സോനയുടേത്. ഇന്‍ഡസ്ട്രിയില്‍ തന്നെയുള്ളൊരാള്‍ ജീവിതപങ്കാളിയായി വന്നതിനാലാണ് താന്‍ ഇന്നും ഈ മേഖലയില്‍ തുടരുന്നതെന്നും സോന പറഞ്ഞിരുന്നു. ഇപ്പോഴിതാ ദാമ്പത്യ ജീവിതം 29ാം വര്‍ഷത്തിലേക്ക് എത്തിയതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് സോന. ഉദയനൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പമായാണ് കുറിപ്പ് പങ്കുവെച്ചത്. ഞങ്ങളുടെ പ്രണയകഥ എനിക്കേറെ പ്രിയപ്പെട്ടതാണ്. ഞങ്ങളുടെ വെഡ്ഡിംഗ് ആനിവേഴ്‌സറിയാണ് സെപ്റ്റംബര്‍ 22ന്. ഇങ്ങനെയൊരു പങ്കാളിയെ കിട്ടിയതില്‍ നമ്മള്‍ രണ്ടുപേരും അന്യോന്യം അനുഗ്രഹിക്കപ്പെട്ടവരാണ്. 29 വര്‍ഷത്തെ ഒന്നിച്ചുള്ള ജീവിതം. ദൈവത്തിന് നന്ദിയെന്നുമായിരുന്നു സോന കുറിച്ചത്.