പത്തനംതിട്ട : പത്തനംതിട്ട ആറന്മുളയില്‍ പതിമൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കായകുളം സ്വദേശികളായ ഷിബിന്‍, മുഹമ്മദ് ഷിറാസ് എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ അമ്മയ്ക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരെ പോലീസ് കേസ് എടുത്തു. പെണ്‍കുട്ടിയെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. അന്ന് വൈകീട്ട് തന്നെ കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി ആദ്യം പോലീസിനെ സമീപിച്ചത് രണ്ടാനച്ഛനാണ്. പരാതിയില്‍ പോലീസ് അന്വേഷണം തുടരുന്നതിനിടെ തൊട്ടടുത്ത ദിവസം പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി.
അസ്വഭാവികതകള്‍ കാണിച്ച കുട്ടിയെ കൗണ്‍സിലിങ്ങ് നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ ഇത് സ്ഥിരീകരിച്ചു. പഞ്ചായത്ത് അംഗമാണ് പോലീസിനെ വിവരം അറിയിച്ചത്. അമ്മയ്ക്ക് പുറമെ ഹരിപ്പാട് സ്വദേശിയായ ലോറി ഡ്രൈവറിനും സുഹൃത്തിനുമെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.