പുനലൂര്‍: പൊതുസ്ഥലത്ത് സംഘം ചേര്‍ന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിന് പോലീസുകാരെ ആക്രമിച്ച 15അംഗ സംഘത്തിലെ രണ്ട് പേരെ തെന്മല പോലീസ് അറസ്റ്റ് ചെയ്തു. ഇടപ്പാളയം സ്വദേശികളായ ശ്രീകുമാര്‍, രാജേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.
ആക്രമണത്തില്‍ പരിക്കേറ്റ തെന്മല പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ.സിദ്ദിഖ്, സി.പി.ഒ മാരായ രാജേഷ്, അനീഷ് എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് പുനലൂര്‍ ഗവ.താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച വൈകിട്ട് 5മണിയോടെ ഇടപ്പാളയം ലക്ഷം വീട് കോളനിക്ക് സമീപത്തെ കഴുതുരുട്ടി ആറ്റ് തീരത്ത് വെച്ചായിരുന്നു സംഭവം.
തെന്മല സി.ഐ.റിച്ചാര്‍ഡ് വര്‍ഗിസിന്റെ നേതൃത്വത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ആറ്റ് തീരത്ത് സംഘം ചേര്‍ന്ന് മദ്യപിക്കുന്നത് കണ്ടത്. ജീപ്പിലിരുന്ന സി.ഐ മദ്യപാനികളെ പിടിച്ച് കൊണ്ട് വരാന്‍ പോലീസിന് നിര്‍ദ്ദേശം നല്കി. സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള പോലീസ് കഴുതുരുട്ടിയിലെ ആറ്റ് തീരത്തെത്തി പൊതു സ്ഥലത്തെ മദ്യപാനത്തെ ചോദ്യം ചെയ്തു. ഇത് കേട്ട ചിലര്‍ പിരിഞ്ഞ് പോയെങ്കിലും മറ്റുള്ളവര്‍ പോലീസിനെ അസഭ്യവര്‍ഷം ചൊരിഞ്ഞ് കൊണ്ട് ആക്ഷേപിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് ഗ്രേഡ് എസ്.ഐ പറഞ്ഞു.
സ്ത്രീകള്‍ ഉള്‍പ്പടെ 60ഓളം കോളനിവാസികള്‍ സംഘടിച്ചെത്തി അസഭ്യം പറഞ്ഞുകൊണ്ട് പോലീസ് ജീപ്പിന് കേടുപാട് വരുത്തി തടഞ്ഞിട്ടു. പിന്നീട് കൂടുതല്‍ പോലിസ് എത്തുന്നത് കണ്ട കോളനിവാസികള്‍ പിരിഞ്ഞു പോകുകയായിരുന്നു. ഡ്യൂട്ടി തടസപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് 15പേര്‍ക്കെതിരെ കേസ് എടുത്തതായി പുനലൂര്‍ ഡിവൈ.എസ്.പി എം.എസ്.സന്തോഷ് അറിയിച്ചു. അറസ്റ്റ് ചെയ്ത രണ്ട് പ്രതികളെയും കോടതിയില്‍ ഹാജരാക്കി.