കണ്ണൂര്‍ : കൂത്തുപറമ്പില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതിന് പിന്നില്‍ സ്വര്‍ണക്കടത്ത് മാഫിയ. സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. വിദേശത്ത് നിന്ന് കൊടുത്തയച്ച സ്വര്‍ണം യുവാവ് മറിച്ച് വിറ്റതായി അറസ്റ്റിലായവര്‍ മൊഴി നല്‍കി. റാക്കറ്റിന് പിന്നിലുളളവര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയതായി പോലീസ് പറഞ്ഞു.
ദുബൈയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ പേരാബ്ര സ്വദേശി ദിന്‍ഷാദ് പാറാലിലെ ലോഡ്ജില്‍ പെയ്ഡ് ക്വാറന്‍റൈനില്‍ കഴിയുകയായിരുന്നു. ഞായറാഴ്ച വൈകിട്ടോടെയാണ് മലപ്പുറത്ത് നിന്നെത്തിയ ഒരു സംഘം ലോഡ്ജില്‍ നിന്നും ഇയാളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. ദിന്‍ഷാദിനൊപ്പമുളള മറ്റൊരു സംഘം ഈ നീക്കം ചെറുത്തു. സ്ഥലത്തെത്തിയ പോലീസ് ഇരു ഭാഗങ്ങളിലും പെട്ട ആറ് പേരെയും സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. ആറ് പേര്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. മലപ്പുറത്ത് നിന്നുളള സംഘം നല്‍കിയ മൊഴിയിലൂടെയാണ് സംഭവത്തിന് പിന്നിലെ സ്വര്‍ണക്കടത്ത് മാഫിയയുടെ പങ്ക് വെളിപ്പെട്ടത്.
ദുബൈയില്‍ നിന്നും മലപ്പുറത്തെ ഒരാള്‍ക്ക് നല്‍കാനായി കൊടുത്തു വിട്ട 38 ലക്ഷം രൂപയുടെ സ്വര്‍ണം ദിന്‍ഷാദ് മറിച്ച് വിറ്റതായും ഇതിനെ തുടര്‍ന്നാണ് ഇയാളെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ ലഭിച്ചതെന്നുമായിരുന്നു ഇവരുടെ മൊഴി. ക്വട്ടേഷന്‍ നല്‍കിയവരെ കുറിച്ച് സൂചന ലഭിച്ചതായും സംഭവത്തിന് പിന്നില്‍ വന്‍ സ്വര്‍ണക്കടത്ത് സംഘം ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണന്നും തലശേരി ഡി.വൈ.എസ്.പി മൂസ വളളിക്കാടന്‍ പറഞ്ഞു.