ചെന്നൈ : വി.കെ. ശശികലയുടെ 300 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു. ഇതിനുള്ള നടപടികള്‍ ആദായനികുതി വകുപ്പ് ആരംഭിച്ചു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയായിരുന്നു ശശികല. ശശികലയുടെ ബിനാമി കമ്പനികള്‍ക്കും വിവിധ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു.
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ബെംഗളൂരു അഗ്രഹാര ജയിലില്‍ കഴിയുകയാണ് ഇപ്പോള്‍ ശശികല. 2017ലാണ് അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ശശികല ജയിലിലായത്. ജയലളിതയുടെ വീടായ വേദനിലയത്തിനു സമീപം ശശികല പണിയുന്ന ബംഗ്ലാവും കണ്ടുകെട്ടുന്നവയില്‍ ഉള്‍പ്പെടും.
1995 മാര്‍ച്ചില്‍ ഹൈദരാബാദില്‍ രജിസ്റ്റര്‍ ചെയ്ത ശ്രീ ഹരിചന്ദന എസ്‌റ്റേറ്റ്‌സ് എന്ന സ്ഥാപനം വഴി 2003 – 2005 കാലയളവില്‍ 200 ഏക്കര്‍ വരുന്ന 65ഓളം വസ്തുവകകള്‍ ശശികല വാങ്ങിയെന്നും നിലവില്‍ അതിന് 300 കോടി രൂപ വിലമതിക്കുമെന്നും ഐ.ടി. വൃത്തങ്ങള്‍ അറിയിച്ചു. ഇത് ശശികലയുടെ ബിനാമി കമ്പനിയാണ് എന്നും കണ്ടെത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ശശികലയുടെ ബിനാമികളില്‍ നിന്ന് 1600 കോടിയുടെ ആസ്തി ആദായനികുതി വകുപ്പ് കണ്ടുകെട്ടിയിട്ടുണ്ട്. അതേസമയം നാലുവര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന ശശികലയുടെ രാഷ്ട്രീയപ്രവേശം തടയാനുള്ള എ.ഐ.എ.ഡി.എം.കെ.യുടെ നീക്കങ്ങളാണ് നിലവിലെ നടപടിക്കു കാരണമെന്ന് പറയപ്പെടുന്നു.