മല്ലപ്പള്ളി : കീഴ്വായ്പ്പൂർ കുന്നന്താനം സ്വദേശികളായ യുവാക്കളുടെ സംഘം ഏതോ കുറ്റകൃത്യം നടത്തിയശേഷം ഒളിവിൽ കഴിഞ്ഞ സ്ഥലം പോലീസിനോട് വെളിപ്പെടുത്തി എന്ന് ആരോപിച്ച് യുവാവിനെ മർദ്ദിച്ചു. സംഘത്തിലെ മൂന്നുപേരെ കീഴ്വായ്പൂർ പോലീസ് ഉടനടി പിടികൂടി. കല്ലുപ്പാറ ചെങ്ങരൂർചിറ ശാസ്താംഗൽ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കുന്നക്കാട്ട് വീട്ടിൽ എൽവിൻ ജി രാജ(27)നാണ് സംഘത്തിന്റെ മർദ്ദനമേറ്റത്. കുന്നന്താനം സ്വദേശികളായ അനന്തു വിനയൻ, പ്രവീൺ, പ്രണവ്, ഉണ്ണിക്കുട്ടൻ, അനന്തു ബിനു, ലിൻസൻ മറ്റു കണ്ടാൽ അറിയാവുന്ന മറ്റൊരാളും ചേർന്ന് ഇന്നലെ വൈകുന്നേരം എൽവിൻ്റെ വീടിൻ്റെ സമീപം വെച്ചാണ് ദേഹോപദ്രവം ഏൽപ്പിച്ചത്. കഴിഞ്ഞദിവസം എൽവിനെയും സുഹൃത്തുക്കളായ മറ്റ് രണ്ടുപേരെയും സംശയകരമായ സാഹചര്യത്തിൽ വീടിന് സമീപത്തുനിന്നും കീഴ്വായ്‌പ്പൂർ പോലീസ് പിടികൂടുകയും കഞ്ചാവ് ബീഡി വലിച്ചതിന് കേസെടുത്ത ശേഷം ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. തുടർന്നാണ് ഇയാൾക്ക് മർദ്ദനമേറ്റത്.
എൽവിൻ കീഴ്‌വായ്‌പ്പൂർ സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ പെട്ടയാളാണ്. സംഘത്തിലെ അഞ്ചാം പ്രതി അനന്തു ബിനു (26), മൂന്നാം പ്രതി പ്രണവ് പ്രസന്നൻ (35), ഏഴാം പ്രതി ലിൻസൻ ലാലൻ (25) എന്നിവരാണ് പോലീസിന്റെ തെരച്ചിലിൽ ഉടനടി പിടിയിലായത്. ഒന്നാം പ്രതി അനന്തു വിനയൻ ഫോണിൽ വിളിച്ച് തന്റെ കയ്യിൽ നിന്നും നേരത്തെ വാങ്ങിയ കൂളിംഗ് ഗ്ലാസും 500 രൂപയും തിരിച്ചുകൊടുക്കാൻ എൽവിനോട് ആവശ്യപ്പെട്ടു. തുടർന്ന് ചെങ്ങരൂർ റോഡിൽ വൈകിട്ട് 4.45 ന് വിളിച്ചുവരുത്തി. പ്രതികൾ ബൈക്കിലും കാറിലുമായി സ്ഥലത്തെത്തി. കാറിന്റെ പിൻസീറ്റിൽ മധ്യത്തിലിരുന്ന അനന്തു കാറിൽ കയറാൻ എൽവിനോട് ആവശ്യപ്പെട്ടു. ഒന്നും രണ്ടും പ്രതികളുടെ കയ്യിൽ കല്ലുകൾ ഇരിക്കുന്നത് കണ്ടു. കയറാൻ വിസമ്മതിച്ചപ്പോൾ പ്രതികൾ ചേർന്ന് ബലമായി പിടിച്ചു കയറ്റാൻ ശ്രമിച്ചു. തുടർന്ന് അനന്തു കയ്യിലിരുന്ന കല്ലുകൊണ്ട് ഇയാളുടെ ചെവിയുടെ പിന്നിൽ തലയിൽ ഇടിച്ചു പരിക്കേൽപ്പിച്ചു. മറ്റുള്ളവർക്ക് ചേർന്ന് മുഖത്തും തലയിലും ശരീരമാകെയും മർദ്ദിച്ചു. താഴെ വീണപ്പോൾ നിലത്തിട്ട് ചവിട്ടി. മൊബൈൽ ഫോൺ എറിഞ്ഞുടക്കുകയും ചെയ്തു. തുടർന്ന് പ്രതികൾ സ്ഥലം വിട്ടു. പിന്നീട് അനന്തു ഇയാളെ ഫോണിൽ വിളിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.