കൊല്‍ക്കത്ത: ബംഗാളില്‍ വയോധികന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രാദേശിക ബിജെപി നേതാവ് ഉള്‍പ്പടെ മൂന്ന് പേര് അറസ്റ്റില്‍. പുര്‍ബ ബര്‍ധമാന്‍ ജില്ലയിലാണ് സംഭവം.
മാര്‍ച്ച് ഒന്‍പതിനാണ് റൈന പോലീസ് സ്റ്റേഷന് പരിധിലെ പോസ്റ്റ് ഓഫീസിന് സമീപമുള്ള വീട്ടില്‍ വെച്ച് 74കാരന് വെടിയേറ്റു കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് പ്രതികള്‍ വെടിവെച്ചത്.
സംഭവ ദിവസം ഇയാള്‍ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നത് പ്രതികള്‍ മനസിലാക്കിയിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ ഇയാളെ പിന്തുടര്ന്നത്. എന്നാല്‍ അബദ്ധത്തില്‍ വെടിവച്ചതാണെന്നാണ് സംഭവത്തില്‍ പ്രതികള്‍ നല്കുന്ന വിശദീകരണം. ഭയന്ന് പോയ തങ്ങള്‍ പണമെടുക്കാതെ സ്ഥലത്ത് നിന്നും ഓടി രക്ഷപെടുകയായിരുന്നുവെന്നും പ്രതികള്‍ വ്യക്തമാക്കി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. എന്നാല്‍ തന്നെ കേസില്‍ മനപ്പൂര്‍വം ഉള്‍പ്പെടുത്തിയതാണെന്നാണ് പിടിയിലായ ബിജെപി നേതാവിന്റെ വിശദീകരണം.