തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരില്‍ മൂന്ന് വനിത മന്ത്രിമാര്‍. വീണ ജോര്‍ജ്, ആര്‍.ബിന്ദു എന്നിവര്‍ സിപിഎമ്മില്‍ നിന്നും മന്ത്രിമാരായി എത്തുമ്പോള്‍ സിപിഐയില്‍ നിന്നും ജെ ചിഞ്ചു റാണിയാണ് വനിതാ സാന്നിധ്യമായി എത്തുക.
ഇരിങ്ങാലക്കുടയില്‍ നിന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ ബിന്ദു വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഉണ്ണിയാടന്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജേക്കബ് തോമസ് എന്നിവരെയാണ് ബിന്ദു തോല്‍പ്പിച്ചത്. തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ മുന്‍ മേയര്‍ ആണ് ആര്‍. ബിന്ദു. തൃശൂരിലെ ശ്രീ കേരളവര്‍മ കോളേജില്‍ ഇംഗ്ലീഷ് പ്രൊഫസര്‍ കൂടിയാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യയാണ് ആര്‍ ബിന്ദു.
രണ്ടാം തവണയും ആറന്‍മുളയില്‍ നിന്ന് വിജയിച്ച സ്ഥാനാര്‍ത്ഥിയാണ് വീണാ ജോര്‍ജ്. കേരള സര്‍വ്വകലാശാലയില്‍ നിന്ന് റാങ്ക് തിളക്കത്തോടെ ബിരുദവും ബിഎഡും നേടി. കൈരളി ടിവി ചാനലിലൂടെ മാധ്യമ രംഗത്തെത്തിയ വീണ ജോര്‍ജ് വിവിധ ചാനലുകളിലെ സേവനത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. ദ്യശ്യ മാധ്യമ രംഗത്ത് പ്രഥമ വനിതാ എക്സിക്യൂട്ടീവ് എഡിറ്ററായി പ്രവര്‍ത്തിച്ചു. പത്തനംതിട്ട ബാറിലെ അഭിഭാഷകനായിരുന്ന പി.ഇ.കുര്യാക്കോസ് , നഗരസഭ കൗണ്‍സിലര്‍ ആയിരുന്ന റോസമ്മ കുര്യാക്കോസ് എന്നിവരാണ് മാതാപിതാക്കള്‍. മലങ്കര ഓര്‍ത്തഡോക്സ് സഭാ മുന്‍ സെക്രട്ടറിയും അധ്യാപകനുമായ ഡോ. ജോര്‍ജ് ജോസഫ് ആണ് ജീവിത പങ്കാളി. അന്ന, ജോസഫ് എന്നിവര്‍ മക്കളാണ്.
എല്‍.ഡി.എഫിന്റെ വനിതാ പോരാളികളില്‍ ഒരാളാണ് ജെ. ചിഞ്ചുറാണി. കൊല്ലം ചടയമംഗലത്ത് നിന്ന് 10923 വോട്ടുകള്‍ക്കാണ് ചിഞ്ചുറാണി വിജയിച്ചത്. പഞ്ചായത്തുമെമ്പര്‍, കൊല്ലം കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍, ജില്ലാ പഞ്ചായത്തംഗം, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍, വൈസ് പ്രസിഡന്റ് , പ്രസിഡന്റ് എന്നീ നിലകളില്‍ 20 വര്‍ഷക്കാലം തുടര്‍ച്ചയായി സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്ന ജനപ്രതിനിധിയായി പേരെടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭര്‍ത്താവ് ഡി. സുകേശന്‍ സിപിഐ അഞ്ചാലുംമൂട് മണ്ഡലം കമ്മിറ്റി സെക്രട്ടറി, ലൈബ്രറി കൗണ്‍സില്‍ കൊല്ലം ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. മക്കള്‍ നന്ദു സുകേശന്‍, നന്ദന റാണി.