കോന്നി: കോന്നി നിയോജക മണ്ഡലത്തിലെ 3 അംഗൻവാടികൾ സ്മാർട്ട് അംഗൻവാടി കെട്ടിടം നിർമ്മിക്കുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. കോന്നി നിയോജക മണ്ഡലത്തിലെ സ്വന്തമായി കെട്ടിടം ഇല്ലാതിരുന്ന മൈലപ്ര, കോന്നി, കലഞ്ഞൂർ ഗ്രാമപഞ്ചായത്തുകളിലെ മൈലപ്ര പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ 33-)0നമ്പർ അംഗൻവാടി, കോന്നി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ പെരിഞ്ഞൊട്ടയ്ക്കൽ 53-)0 നമ്പർ അംഗൻവാടി, കലഞ്ഞൂർ പഞ്ചായത്തിലെ ഇരുപതാം വാർഡിൽ കൂടൽ കൊല്യാനിക്കോട് 76-)0 നമ്പർ അംഗൻവാടികൾക്കാണ് സ്മാർട്ട് അംഗൻവാടി കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ചത്.
ഓരോ അംഗൻവാടികൾക്കും 10 ലക്ഷം രൂപ വീതമാണ് നൽകുക. ക്ലാസ് റൂം, സ്റ്റോർ റും, അടുക്കള, ശുചിമുറി എന്നിവ അടങ്ങിയ കോൺക്രീറ്റ് കെട്ടിടങ്ങൾ ആണ് നിർമ്മിക്കുക. സ്വന്തമായി കെട്ടിടം ഇല്ലാതിരുന്ന 3 അംഗൻവാടികളും വാടക കെട്ടിടത്തിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. രക്ഷകർത്താക്കളും നാട്ടുകാരും എംഎൽഎയ്ക്ക് നൽകിയ അപേക്ഷയെ തുടർന്നാണ് കെട്ടിട നിർമ്മാണത്തിന് തുക അനുവദിച്ചത്. ബ്ലോക്ക് പഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിലാണ് നിർവഹണ ചുമതല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പ്രവർത്തി വേഗത്തിൽ ആരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.