തിരുവനന്തപുരം : തിരിച്ചു വരുന്നവരുടെ എണ്ണം കൂടുന്നതിന്‍റെ ഭാഗമായി പരിശോധനകൾ കൂട്ടാനൊരുങ്ങി കേരളം. അടുത്തയാഴ്ച 3000 സാമ്പിളുകള്‍ സാധാരണ ജനങ്ങളിൽ നിന്നും ശേഖരിച്ച് പരിശോധിക്കും. സംസ്ഥാനത്തെ പരിശോധനകളുടെ എണ്ണം മറ്റ് സംസ്ഥാനത്തേക്കാൾ കുറവാണെന്നെ ആശങ്ക വേണ്ടെന്നാണ് സർക്കാർ നിലപാട്.
രോഗലക്ഷണങ്ങള്‍ ഉളളവർക്കായുളള വ്യക്തിഗത പരിശോധനകൾക്ക് പുറമേ ലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്നും കൂട്ടമായി സാമ്പിളുകള്‍ എടുത്ത് സംസ്ഥാനത്ത് പരിശോധനകൾ നടക്കുന്നുണ്ട്. ആരോഗ്യ, പോലീസ് രംഗത്തുളളവർ അടക്കം മുൻഗണനാ വിഭാഗക്കാർക്കായുളള സെന്‍റിനൈല്‍ സർവൈലൻസ്, സാധാരണ ജനങ്ങളിൽ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് നടത്തുന്ന ഓഗ്മെന്‍റഡ് ടെസ്റ്റ് എന്നിവയാണ് അവ. ഏപ്രിൽ അവസാനവാരമാണ് ഇത്തരത്തിൽ വ്യാപകമായി ജനങ്ങളിൽ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചത്.
സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം കുറഞ്ഞതോടെ ഇത് ഏറെക്കുറെ ഒഴിവാക്കി. സെന്‍റിനൈല്‍ സർവൈലൻസിന്‍റെ ഭാഗമായി ദിനംതോറും ശരാശി 450ഓളം പേരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ട്. രോഗബാധിതരിൽ ഭൂരിഭാഗവും നിരീക്ഷണത്തിൽ കഴിയുന്നവരാണെങ്കിലും സമ്പര്‍ക്കത്തിലൂടെയുളള വ്യാപനമുണ്ടോയെന്ന് ഉറപ്പാക്കാനായാണ് ജനങ്ങളിൽ നിന്നും അടുത്തഘട്ടമായി കൂടുതൽ സാമ്പിളുകള്‍ ശേഖരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 51, 310 സാമ്പിളുകളാണ് പരിശോധിച്ചിട്ടുളളത്. നിലവിൽ സംസ്ഥാനത്ത് ദിനംതോറും നടത്തുന്ന പരിശോധനയുടെ എണ്ണം ശരാശരി 1400 ആണ്. പ്രതിദിന പരിശോധനകളുടെ കണക്കിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലാണ് കേരളം. എന്നാൽ കേസുകളുടെ എണ്ണത്തിന് ആനുപാതികമായി കണക്കാക്കുമ്പോള്‍ പരിശോധന കുറവെന്ന് പറയാനാകില്ലെന്നാണ് സർക്കാർ വിശദീകരണം.