കൊച്ചി: കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ വോട്ടര്‍ പട്ടികയില്‍ അനധികൃതമായി പേരുകള്‍ ചേര്‍ക്കുന്നതായി പരാതി. പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി 20 കൂട്ടായ്മക്ക് ചുക്കാന്‍ പിടിക്കുന്ന കിറ്റെക്സ് കമ്പനി അധികൃതരാണ് വോട്ടര്‍ പട്ടികയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാട്ടിക്കൂട്ടുന്നതെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.
കിറ്റെക്സില്‍ ജോലി ചെയ്യുന്നവരെ പഞ്ചായത്തിന്റെ ഒഴിഞ്ഞുകിടക്കുന്ന പല സ്ഥലങ്ങളിലും താമസിപ്പിച്ച് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുകയാണ്. ഇതിന് അനധികൃതമായി രേഖകളുണ്ടാക്കുന്നു.ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളില്‍ വാടകക്കരാര്‍ വ്യാജമായി ഉണ്ടാക്കി പഞ്ചായത്ത് സെക്രട്ടറിയുടെ ഒത്താശയോടെ റെസിഡന്റ് സര്‍ട്ടിഫിക്കറ്റുകള്‍ നേടുന്നു. ഇത് മറയാക്കി പിന്നീട് വോട്ടര്‍ പട്ടികയിലും ഇടം പിടിക്കും. 2500 പേരെ വ്യാജരേഖകളുടെ മറവില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നതായും കോണ്‍ഗ്രസ് ആരോപിച്ചു.
ഇതിനെതിരെ മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ക്കും കലക്ടര്‍ക്കും പരാതി നല്കി. നേരായ മാര്‍ഗത്തിലൂടെ ഭരണം നിലനിര്‍ത്താന്‍ സാധിക്കില്ലെന്ന് ബോധ്യമായതോടെയാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ട്വന്റി 20 നേതൃത്വം നല്‍കുന്നതെന്നും ആരോപിച്ചു. കിഴക്കമ്പലം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഏലിയാസ് കാരിപ്ര, ഡി.സി.സി ജനറല്‍ സെക്രട്ടറി എംപി. രാജന്, പി.എച്ച്. അനൂപ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.