തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടില്‍ നിന്ന് 3500 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. കാട്ടാക്കട താലൂക്കില്‍ മലയിന്‍കീഴ് വില്ലേജില്‍ എരുത്താവൂര്‍ ദേശത്ത് ചപ്പാത്ത് സരള ഭവനില്‍ സുരേഷ് കുമാറി(54)ന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. ഇയാളെ കസ്റ്റഡിയില്‍ എടുത്തു. പുകയില ഉല്‍പന്നങ്ങള്‍ക്ക് വിപണിയില്‍ 25 ലക്ഷം രൂപ വിലവരും.
സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അനികുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും തിരുവനന്തപുരം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അനികുമാറിനെ കൂടാതെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ മുകേഷ് കുമാര്‍ , ടി ആര്‍ മധുസൂദനന്‍ നായര്‍, പ്രിവന്റീവ് ഓഫീസര്‍ ഹരികുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുബിന്‍, രാജേഷ്, ഷംനാദ്, രഞ്ജിത്ത്, ബിജു, ശ്രീലാല്‍, വിപിന്‍, ജിതീഷ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.