നെയ്യാറ്റിന്‍കര : ഒരുമാസമായി ആളില്ലായിരുന്ന വീട്ടില്‍ നിന്ന് 35 കിലോ കഞ്ചാവ് കണ്ടെടുത്തു. നെയ്യാറ്റിന്‍കര പത്താംകല്ല്, ബ്രഹ്മംകോട്, മണികണ്ഠന്‍വിള വീട്ടില്‍ സുനീഷ് കുമാറിന്റെ വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ഇദ്ദേഹവും കുടുംബവും ഒരു മാസം മുന്‍പ് വേറെ വീട്ടില്‍ താമസത്തിനു പോയിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം വീട്ടിലെത്തിയപ്പോഴാണ് വീടിനു പുറത്തു വരാന്തയില്‍ ഇട്ടിരുന്ന കട്ടിലിന്റെ അടിയില്‍ നാല് ബാഗുകളിലായി കഞ്ചാവ് കണ്ടെത്തിയത്.
പോലീസെത്തി കഞ്ചാവ് പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കി. നാല് ബാഗുകളില്‍ 13 കവറുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആരാണ് കഞ്ചാവ് ഇവിടെ കൊണ്ടുവന്നു വച്ചതെന്ന് അറിയില്ല. തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. ജിനരാജ്, സി.ഐ. സാഗര്‍, എസ്.ഐ. സെന്തില്‍കുമാര്‍ എന്നിവരെത്തി പരിശോധന നടത്തി. രണ്ടാഴ്ച മുന്‍പ് പത്താംകല്ലിനു സമീപത്തുനിന്ന് 25 കിലോ കഞ്ചാവുമായി രണ്ടു പേരെ നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയിരുന്നു.