അമരാവതി: ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റിലായത് 371 കോടി രൂപയുടെ അഴിമതിക്കേസില്‍. നൈപുണ്യ വികസന കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട അഴിമതിയുടെ പ്രധാന സൂത്രധാരനും നേട്ടം കൊയ്തതും ചന്ദ്രബാബു നായിഡുവാണെന്ന് ആന്ധ്രപ്രദേശ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സിഐഡി) അറിയിച്ചു. പ്രധാനപ്രതി ചന്ദ്രബാബു നായിഡുവായതിനാല്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാലാണ് ശനിയാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്തതെന്ന് സിഐഡി അഡീഷനല്‍ ഡയറക്ടര്‍ ഓഫ് പൊലീസ് എന്‍.സഞ്ജയ് അറിയിച്ചു. 2014ല്‍ സിയമെന്‍സ് നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയര്‍ന്നത്.
സിയമെന്‍സും ഡിസൈന്‍ ടെകും ചേര്‍ന്ന് 90 ശതമാനം മുടക്കുകയും 10 ശതമാനം സര്‍ക്കാന്‍ ഗ്രാന്റ് ആയി അനുവദിക്കുന്നതുമായിരുന്നു കരാര്‍. ഗ്രാന്റായി സര്‍ക്കാര്‍ അനുവദിക്കേണ്ട തുക 3,300 കോടിയായിരുന്നു. ഇതില്‍ അഴിമതി നടന്നുവെന്നാണ് പ്രധാന ആരോപണം. സിയമെന്‍സും ഡിസൈന്‍ ടെക്കും സര്‍ക്കാരും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തില്‍ കമ്പനികള്‍ മുടക്കുന്ന 90 ശതമാനം തുക എത്രയെന്ന് രേഖപ്പെടുത്തിയിട്ടില്ല. ചന്ദ്രബാബു നായിഡുവും ടിഡിപി സംസ്ഥാന പ്രസിഡന്റ് കെ.അച്ചന്നായിഡുവും ചേര്‍ന്നാണ് കരാറില്‍ ധാരണയിലെത്തിയത്.