ഡല്‍ഹി: സര്‍ ഗംഗാറാം ആശുപത്രിയിലെ 37 ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ അഞ്ച് പേര്‍ ചികിത്സയിലും 32 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുമാണ്. 37 പേരും കോവിഡ് വാക്സിന്‍ സ്വീകരിച്ചവരായിരുന്നു.
തലസ്ഥാനത്തെ കോവിഡ് ചികിത്സയില്‍ മുന്‍പന്തിയിലുള്ള ആശുപത്രിയാണ് സര്‍ ഗംഗറാം. കോവിഡ് വ്യാപനം വീണ്ടും വര്‍ധിച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ മുന്നിലാണ് ഡല്‍ഹി. തലസ്ഥാനത്തെ പ്രതിദിന കോവിഡ് നിരക്ക് ഈ വര്‍ഷം ആദ്യമായി ഏഴായിരം കവിഞ്ഞിരുന്നു.
ആശുപത്രികളില്‍ കൂടുതല്‍ കോവിഡ് രോഗികള്‍ എത്തിച്ചേരുന്ന ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരിലും രോഗ വ്യാപനം വര്‍ധിക്കുകയായിരുന്നു. കോവിഡ് ബാധിച്ച ഡോക്ടര്‍മാരില്‍ പലര്‍ക്കും രോഗ ലക്ഷണങ്ങളുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച്ച 7,437 കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത്. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് നിരക്കാണിത്. 24 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.