ഹൈദരാബാദ് : അമ്മയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച മൂന്ന് വയസ്സുകാരനെ രണ്ടാനച്ഛന്‍ തല്ലിക്കൊന്നു. ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതിയായ ഫാറുഖ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
നിര്‍മാണ തൊഴിലാളിയായ ഫാറൂഖും മരിച്ച കുട്ടിയുടെ അമ്മയായ യുവതിയും കുര്‍ണൂലില്‍ ഒരുമിച്ചായിരുന്നു താമസം. ആറ് മാസം മുന്‍പ് ഫെയ്‌സ്ബുക്കിലൂടെ അടുപ്പത്തിലായ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഇതോടെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് മൂന്നു വയസ്സുള്ള മകനുമായി യുവതി വീട് വിട്ടിറങ്ങി. തുടര്‍ന്ന് ഫാറൂഖിനൊപ്പം കുര്‍ണൂലില്‍ താമസവും ആരംഭിച്ചു.
ഞായറാഴ്ച രാത്രി ഫാറൂഖും യുവതിയും തമ്മില്‍ വഴക്കുണ്ടായതായി പോലീസ് പറഞ്ഞു. വഴക്കിനിടെ ഫാറൂഖ് യുവതിയെ മര്‍ദിച്ചു. അമ്മയെ മര്‍ദിക്കുന്നത് കണ്ട മൂന്ന് വയസ്സുകാരന്‍ ഉറക്കെ കരയുകയും അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഒരു ചെറിയ വടി കൊണ്ട് കുട്ടി ഫാറൂഖിനെ അടിച്ചു. ഇതോടെയാണ് യുവാവ് മൂന്ന് വയസ്സുകാരനെതിരെ തിരിഞ്ഞത്. തന്നെ അടിച്ചതില്‍ കുപിതനായ ഫാറൂഖ് കുട്ടിയെ പിന്നീട് പൊതിരെ തല്ലുകയും തറയിലിട്ട് ചവിട്ടുകയും ചെയ്തു. പരിക്കേറ്റ് അവശനായ കുട്ടിയെ പിന്നീട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.