തിരുവനന്തപുരം : മുടപ്പുരയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി വഴിയരികില്‍ ഉപേക്ഷിച്ച കേസില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പങ്കുള്ള കിഴുവിലം കൊച്ചാലംമൂട് സ്വദേശികളായ അഭിജിത്ത്, സിനേഷ്, കല്ലുവാതുക്കല്‍ സ്വദേശി സുധീഷ്, സ്‌നേഹന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരും കൊല്ലപ്പെട്ട അജിത്തും പരിചയക്കാരാണ്. സ്‌നേഹം നടിച്ച് കൂട്ടിക്കൊണ്ടു പോയശേഷം വെട്ടിക്കൊല്ലുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.
അജിത്തിനെ വെള്ളിയാഴ്ച രാവിലെയാണ് മുടപുരത്തെ വഴിയരികില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. നിരവധി കേസുകളില്‍ പ്രതിയാണ് അജിത്ത്. അറസ്റ്റിലായ അഭിജിത്തിനെ അജിത്ത് പലതവണ ഉപദ്രവിച്ചിട്ടുണ്ട്. ഇതിന്റെ വൈരാഗ്യത്തില്‍ അഭിജിത്ത് സുഹൃത്തുക്കളുമായി ആസൂത്രണം ചെയ്ത് അജിത്തിനെ കൊലപ്പെടുത്തുകയായിരുന്നു.
വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് കൊലപാതം നടന്നതെന്ന് കരുതുന്നു. അന്ന് 8 മണിയോടെ അഭിജിത്ത്, അജിത്തിനെ സ്‌നേഹം നടിച്ച് വിളിച്ച് ബൈക്കില്‍ കയറ്റി കൊല നടന്ന സ്ഥലത്തേക്ക് കൊണ്ടുവരികയായിരുന്നു. ആളൊഴിഞ്ഞ പ്രദേശത്തെത്തിയശേഷം മറ്റ് പ്രതികളുമായി കൂട്ടം ചേര്‍ന്ന് വെട്ടിയും കുത്തിയും ആക്രമിച്ചു. അജിത്ത് പുഴയില്‍ ചാടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെയെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി മൃതദേഹം വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു. തെളിവെടുപ്പില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. കേസില്‍ ഇനിയും പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്.