ആലുവ : ഇടിമിന്നലേറ്റ് ഒരു വീട്ടിലെ നാലു പശുക്കള്‍ ചത്തു. സൗത്ത് ചാലക്കല്‍ അസ്ഹര്‍ കോളജിന് സമീപം കുഴിക്കാട്ടുമാലി ഷമീറിന്റെ തൊഴുത്തില്‍ കെട്ടിയിട്ട കറവപ്പശുക്കളാണ് ഞായറാഴ്ച പുലര്‍ച്ചെ ചത്തത്. പശുക്കളെ കറക്കാന്‍ പുലര്‍ച്ചെ എഴുന്നേല്‍ക്കുമ്പോള്‍ ശക്തമായ മഴയും ഇടിമിന്നലുമുണ്ടായിരുന്നു. മിന്നല്‍ കടന്നുപോയ ഭാഗത്തുനിന്ന നാലു പശുക്കളും വീണ് കിടക്കുന്നതാണ് ഷമീറിന് കാണാന്‍ കഴിഞ്ഞത്. കീഴ്‌മാട് വെറ്റിനറി ഡോക്ടര്‍ ബബിത മോസ്റ്റ്മോര്‍ട്ടം നടത്തി.
നാല് കറവപശുക്കളും ചത്തതോടെ ജീവിതമാര്‍ഗം വഴിമുട്ടിയിരിക്കുകയാണ് ഷമീറിന്. 15ാം വയസ്സ് മുതല്‍ ക്ഷീര മേഖലയില്‍ ജീവിതമാര്‍ഗം കണ്ടെത്തുന്നയാളാണ്. ചാലയ്ക്കല്‍, വാഴക്കുളം ഭാഗങ്ങളിലായി നിരവധി വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഷമീര്‍ പാല്‍ എത്തിക്കുന്നത്. രോഗിയായ മാതാവിന്റെയും കുടുംബത്തിന്റെയും ചെലവുകള്‍ പാല്‍ വിറ്റാണ് ഷമീര്‍ കണ്ടെത്തിയിരുന്നത്. സര്‍ക്കാരിന്റെ കാരുണ്യത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ കുടുംബം.