രാജകുമാരി: ചിന്നക്കനാല്‍ മുത്തമ്മ കോളനിയില്‍ കാട്ടാന 4 വീടുകള്‍ ആക്രമിച്ചു. അന്നലക്ഷ്മി, പ്ലാവടിയാന്‍, മുനിയാണ്ടി, പാണ്ഡ്യന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് രാത്രി 12 ന് ഒറ്റയാന്റെ ആക്രമണമുണ്ടായത്. ഇതില്‍ അന്നലക്ഷ്മിയുടെ വീട് പൂര്‍ണമായും തകര്‍ന്നു. സമീപത്ത് തന്നെയുള്ള ശാന്തിയുടെ വീടിന്റെ വാതിലും ഒറ്റയാന്‍ തകര്‍ത്തു. ശാന്തി, ഭാര്‍ത്താവ് മുനിയാണ്ടി, മരുമകള്‍ സത്യ, കൊച്ചുമക്കളായ അര്‍ണവ്, ദര്‍ശിനിയ എന്നിവരാണ് ഈ വീട്ടിലുണ്ടായിരുന്നത്.
മുനിയാണ്ടിയും ഭാര്യയും കൊച്ചുമക്കളെയുമെടുത്ത് പിന്‍വാതിലിലൂടെ പുറത്തേക്ക് ഓടി രക്ഷപെട്ടു. തൊട്ടടുത്തുള്ള പാണ്ഡ്യന്റെ വീടിന്റെ വാതിലും ഒറ്റയാന്‍ കുത്തി പൊളിക്കാന്‍ ശ്രമിച്ചു. പ്ലാവടിയാന്റെ വീടിന്റെ വാതിലും ഒറ്റയാന്‍ കുത്തി പൊളിച്ചു. എണ്‍പതു വയസുകാരനായ പ്ലാവടിയാനും മകന്‍ ലിംഗനാഥും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ആന വീടിന് നേരെ ആക്രമണം നടത്തിയതോടെ ലിംഗനാഥ് പിതാവിനെ പിന്‍ഭാഗത്തെ ജനലിലൂടെ പുറത്തിറക്കി സമീപത്തെ വീട്ടിലെത്തിച്ചു രക്ഷപ്പെടുകയായിരുന്നു.