ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ബന്ദിപ്പോറയില്‍ നിന്ന് നാല് ഭീകരരെ സുരക്ഷാ സേന ഉദ്യോഗസ്ഥര്‍ അറസ്റ്റ്‌ചെയ്തു. ചാന്ദര്‍ഗീര്‍, സാധുനാര എന്നീ പ്രദേശങ്ങളില്‍ നടത്തിയ തെരച്ചിലിലാണ് നാല് ഭീകരരെയും സുരക്ഷാ സേന പിടികൂടിയത്.
അറസ്റ്റിലായ ഭീകരരുടെ പക്കല്‍ നിന്നും തോക്കുകളും നിയമ വിരുദ്ധ രേഖകളും സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്. രണ്ട് ഗ്രനേഡുകള്‍, എകെ മാഗസീനുകള്‍, എകെ 25 തോക്കുകള്‍ എന്നിവയാണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. സംഭവത്തില്‍ നാല് ഭീകരര്‍ക്കെതിരെയും ജമ്മു കശ്മീര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം, കശ്മീരിലെ അനന്ത്നാഗില്‍ പാക്കിസ്ഥാന് പൗരന് ഉള്‍പ്പെടെ രണ്ട് ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. നസീര്‍ ആണ് കൊല്ലപ്പെട്ട പാക് ഭീകരന്. ഇയാള്‍ എ കാറ്റഗറി ഭീകരനാണ്. ശ്രീഗുഫ്വാര മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു സ്ത്രീക്കു പരിക്കേറ്റു. ഭീകരരില്‍നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു.
ജമ്മുകശ്മീര്‍ പോലീസും സിആര്‍പിഎഫും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഏറ്റമുട്ടല്‍ നടന്നത്.