ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തു വർഷത്തെ ഭരണനേട്ടങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തി പ്രഭാവവും മുതലാക്കുന്ന പുതിയ മുദ്രാവാക്യവുമായി ബി.ജെ.പി പ്രചാരണത്തിന് തുടക്കമിട്ടു. ‘മോദി കോ ചുൻതേ ഹേ’ (മോദിയെ തിരഞ്ഞെടുക്കാം) എന്ന മുദ്രാവാക്യവും മ്യൂസിക് വീഡിയോയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ പുറത്തിറക്കി. ഇന്നലെ വോട്ടർ ദിനത്തിൽ യുവമോർച്ച സംഘടിപ്പിച്ച ‘നമോ നവമതദാതാ’ സമ്മേളനത്തിലായിരുന്നു ചടങ്ങ്.
സമ്മേളനത്തിൽ 5800 സ്ഥലങ്ങളിലെ 40 ലക്ഷത്തിലധികം കന്നി വോട്ടർമാരെ വീഡിയോ കോൺഫറൻസിലൂടെ മോദി അഭിസംബോധന ചെയ്തു.
ലോകത്ത് ആദ്യമായാണ് ഒരു രാഷ്ട്രീയ നേതാവ് ഇത്രയും വിപുലമായി വോട്ടർമാരിലേക്ക് എത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യ പ്രക്രിയയിൽ വൻതോതിൽ പങ്കാളികളാകാനും വികസിത ഭാരതം കെട്ടിപ്പടുക്കാൻ വീണ്ടും ഒരു ഭൂരിപക്ഷ സർക്കാരിനെ തിരഞ്ഞെടുക്കാനും മോദി ആഹ്വാനം ചെയ്തു.