എടപ്പാള്‍: സ്വകാര്യവ്യക്തിയുടെ ഗോഡൗണിലും പറമ്പിലുമായി അനധികൃതമായി സൂക്ഷിച്ച 408 പാചകവാതക സിലിന്‍ഡറുകള്‍ ജില്ലാ പൊതുവിതരണ ഉപഭോക്തൃകാര്യവിഭാഗം പിടികൂടി. അനധികൃതമായി പാചകവാതക സിലിന്‍ഡറുകള്‍ സൂക്ഷിച്ചതായ പ്രദേശവാസികളുടെയും മറ്റും പരാതികളെത്തുടര്‍ന്ന് മലപ്പുറം ജില്ലാ സപ്ലൈ ഓഫീസര്‍ ജോഷി ജോസഫ്, പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസര്‍ വി.ജി. മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്. വ്യാഴാഴ്ച രാവിലെ 11-ന് തുടങ്ങിയ പരിശോധന വൈകിട്ട് അഞ്ചുവരെ നീണ്ടു. കക്കിടിപ്പുറം സ്വദേശി ജയകുമാറിന്റേതാണ് ഗോഡൗണ്‍.
വാണിജ്യാവശ്യങ്ങള്‍ക്കായി പാചകവാതക സിലിന്‍ഡറുകള്‍ വില്‍ക്കാന്‍ അനുമതിയുള്ള കണ്ണൂരിലുള്ള ഏജന്‍സിയുടെ മറവിലാണ് ഇവിടെ കച്ചവടം നടത്തിയിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാണിജ്യാവശ്യങ്ങള്‍ക്കായി വില്‍ക്കാന്‍ അനുമതിയുണ്ടെങ്കിലും ഇവ സൂക്ഷിച്ചുവെക്കാനുള്ള അനുമതിയില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞു. പാചകവാതകം നിറച്ച സിലിന്‍ഡറുകള്‍ ഗോഡൗണിലും പുറത്ത് വെയിലുമേറ്റ് അലക്ഷ്യമായി ഇട്ടിരിക്കുകയാണ്. ഇത് ഏതുസമയത്തും അപകടത്തിനു കാരണമാക്കുന്നതാണ്. വ്യാപകമായി പാചകവാതക സിലിന്‍ഡറുകള്‍ സൂക്ഷിക്കുന്നുണ്ടെന്നും സിലിന്‍ഡറിലേക്ക് പാചകവാതകം നിറയ്ക്കുന്നുണ്ടെന്നുമുള്ള പരാതിയെത്തുടര്‍ന്ന് പ്രദേശം ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു.
പാചകവാതകം നിറയ്ക്കുന്നതിനുള്ള സാമഗ്രികളൊന്നും കണ്ടെത്താനായില്ല. കളരിക്കല്‍ ഗ്യാസ് സര്‍വീസ് ആന്‍ഡ് ആക്സസറീസ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് കച്ചവടം നടത്തുന്നത്. ഇവിടെ ഗ്യാസ് സിലിന്‍ഡറുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ വില്‍ക്കാനുള്ള അനുമതി മാത്രമാണുള്ളതെന്നാണ് അധികൃതര്‍ പറഞ്ഞത്. ഇതിന്റെ മറവിലാണ് നൂറുകണക്കിന് പാചകവാതക സിലിന്‍ഡറുകള്‍ സൂക്ഷിച്ച് വില്‍പ്പന നടത്തുന്നതെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞു. പിടിച്ചെടുത്ത സിലിന്‍ഡറുകളില്‍ പാചകവാതകം നിറച്ചത് 129 എണ്ണവും നിറയ്ക്കാത്തത് 279 എണ്ണവുമാണ്. ഇവ എടപ്പാളിലെയും മറ്റും അനുമതിയുള്ള ഗ്യാസ് ഏജന്‍സികളുടെ ഗോഡൗണകളിലേക്കു മാറ്റി സൂക്ഷിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ കെ.ടി. വിനോദ്, വി.ആര്‍. അനില്‍കുമാര്‍, പി. നിസാമുദ്ദീന്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.