അഹമ്മദാബാദ്: ബി.ജെ.പി മാതൃകാ സംസ്ഥാനമായി ഉയർത്തിക്കാട്ടുന്ന ഗുജറാത്തിൽ കെടുകാര്യസ്ഥതയുടെ വിചിത്ര മാതൃകയായി ഛത്രപതി ശിവജിയുടെ പേരിലുള്ള ഹട്‌കേശ്വർ പാലം. ഏഴുവർഷം മുമ്പ് കോടികൾ ചിലവിട്ട് നിർമിച്ച പാലം പൊട്ടിപ്പൊളിഞ്ഞതോടെ നിർമാണത്തിന് ചിലവിട്ടതിനേക്കാൾ കൂടുതൽ തുക പൊളിച്ചുമാറ്റാൻ അനുവദിച്ച് സർക്കാർ ഉത്തരവ്. 2017 ൽ 42 കോടി രൂപ ചെലവിൽ നിർമിച്ച ഹട്‌കേശ്വർ പാലം 52 കോടി രൂപ ചിലവിട്ടാണ് പൊളിച്ചുനീക്കുക. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഛത്രപതി ശിവജി മഹാരാജ് ഫ്ലൈ ഓവർ എന്ന പേരിലുള്ള പാലം യാത്രക്കാർക്കായി തുറന്നുകൊടുത്തത്.
563 മീറ്റർ നീളമുള്ള പാലത്തിന് ഉദ്ദേശിച്ചതിന്റെ 20% ബലമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. പാലത്തിന്റെ ഘടനയിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതാണ് പൊളിക്കാൻ കാരണം. ഇത് ശ്രദ്ധയിൽപെട്ടതോടെ ഉദ്ഘാടനം കഴിഞ്ഞ് അഞ്ചാം വർഷമായ 2022-ൽ തന്നെ പാലത്തിൽ ഗതാഗതം നിരോധിച്ചിരുന്നു. രണ്ടുവർഷമായി അടച്ചുപൂട്ടിയ പാലം സംസ്ഥാനത്തിന് തന്നെ നാണക്കേടായിരുന്നു. 100 വർഷത്തെ ആയുസ്സ് ഉണ്ടാകുമെന്നായിരുന്നു ഉദ്ഘാടനവേളയിൽ സർക്കാർ പ്രവചിച്ചിരുന്നത്.
എന്നാൽ ഏതാനും വർഷങ്ങൾക്കകം തന്നെ വിള്ളലുകളും മറ്റ് തകരാറുകളും തുടങ്ങി. തുടർന്നാണ് 2022ൽ അടച്ചുപൂട്ടിയത്. അഹ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (AMC) നടത്തിയ ബലപരിശോധനയിൽ പാലം ഉപയോഗ യോഗ്യമല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. അജയ് ഇൻഫ്രയാണ് പാലത്തിന്റെ നിർമാതാക്കൾ. സംഭവത്തിൽ അജയ് എൻജിനീയറിങ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് (എഇഐപിഎൽ) ചെയർപേഴ്‌സൺ രമേഷ് പട്ടേൽ, മക്കളും മാനേജിംഗ് ഡയറക്ടർമാരുമായ ചിരാഗ്കുമാർ പട്ടേൽ, കൽപേഷ്കുമാർ പട്ടേൽ, എം.ഡി റാഷിക് അംബലാൽ പട്ടേൽ, പ്രവീൺ ദേശായി, ഭൈലാൽഭായ് പാണ്ഡ്യ തുടങ്ങിയവർക്കെതിരെ ഇക്കഴിഞ്ഞ ഏപ്രിലിൽ കേസെടുത്തിരുന്നു.