ന്യൂഡല്‍ഹി : രാജ്യത്ത് 42,015 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. അവസാന 24 മണിക്കൂറില്‍ 3998 പേരാണ് രോഗം ബാധിച്ച് മരിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര മരണനിരക്ക് പുതുക്കിയതോടെയാണ് സംഖ്യ ഇത്രയും ഉയര്‍ന്നത്. 3,509 മരണങ്ങളാണ് മഹാരാഷ്ട്ര പുതുതായി ഉള്‍പ്പെടുത്തിയത്. രാജ്യത്തിന്റെ ബാക്കി ഭാഗങ്ങളില്‍ 489 മരണങ്ങളാണ് ഉണ്ടായത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.27% ആണ്. തുടര്‍ച്ചയായ 30 ദിവസമായി ടിപിആര്‍ 3 ശതമാനത്തിനു താഴെ നില്‍ക്കുന്നത് ആശ്വാസകരമാണ്.
ആകെ രോഗബാധിതരുടെ എണ്ണം 3,12,16,337 ആയി. 36,977 പേര്‍ കൂടി രോഗമുക്തരായതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,07,170 ആയി. ആകെ 4,18,480 പേര്‍ മരിച്ചു. രോഗമുക്തി നിരക്ക് 97.36% ആണ്.
രാജ്യത്താകെ 41,54,72,455 പേര്‍ക്കു വാക്സിന്‍ നല്‍കി. വാക്സീന്റെ ലഭ്യതക്കുറവിനെത്തുടര്‍ന്ന് മുംബൈയില്‍ ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലും സര്‍ക്കാര്‍ ആശുപത്രികളിലും വാക്സിനേഷന്‍ ഇന്നു നടന്നില്ല. മുംബൈയില്‍ വീടുകളില്‍ എത്തിയുള്ള വാക്സിനേഷന് ഓഗസ്റ്റ് ഒന്നു മുതല്‍ തുടക്കമാകുമെന്ന് മഹാരാഷ്ട്ര സര്‍ക്കാരും ബി.എം.സിയും കോടതിയെ അറിയിച്ചു. കിടപ്പുരോഗികള്‍, വീല്‍ ചെയറില്‍ മാത്രം സഞ്ചരിക്കുന്നവര്‍, ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍, അംഗപരിമിതര്‍ തുടങ്ങി 3505 പേര്‍ക്ക് വാക്സീന്‍ നല്‍കാനാണ് ഇത്തരമൊരു നീക്കം.