പാലക്കാട് : സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാളുടെ ഭീഷണിയെ തുടർന്ന് പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തിൽ 45-കാരൻ അറസ്റ്റിലായി. എറണാകുളം കളമശ്ശേരി കൊച്ചിൻ യൂണിവേഴ്സിറ്റിക്കു സമീപം കൈപ്പടിയിൽ വീട്ടിൽ ദിലീപ് കുമാറിനെയാണ് (45) ചാലിശ്ശേരി പോലീസ് അറസ്റ്റുചെയ്തത്. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഞായറാഴ്ച വൈകിട്ട് എറണാകുളത്തെ വീട്ടിൽനിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നവമാധ്യമങ്ങളിലൂടെ വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് കുട്ടിയുമായി ബന്ധം സ്ഥാപിച്ച് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് കുട്ടി ജീവനൊടുക്കിയതെന്ന് ചാലിശ്ശേരി പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പതിനാറുകാരി ജീവനൊടുക്കിയത്. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൊബൈൽ ഫോണിൽനിന്ന് എറണാകുളം സ്വദേശിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
അറസ്റ്റിലായ ദിലീപ് കുമാർ ഇൻസ്റ്റഗ്രാമിലൂടെ വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് കുട്ടിയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ഓൺലൈൻ പഠനത്തിനായാണ് കുട്ടി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ദിലീപ് തനിക്ക് 22 വയസ്സാണെന്നും എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജിലെ വിദ്യാർഥിയാണെന്നുമാണ് കുട്ടിയെ വിശ്വസിപ്പിച്ചിരുന്നത്. ഇതിനായി ബന്ധുവായ യുവാവിന്റെ ഫോട്ടോയും ഇയാൾ വിദ്യാർഥിനിക്ക് അയച്ചു. തന്റെ മാതാപിതാക്കൾ ബാങ്ക് ഓഫീസർമാരാണെന്നും കുട്ടിയെ വിശ്വസിപ്പിച്ചു. ഇതിനായി കൂട്ടുകാരിയെക്കൊണ്ട് അമ്മയാണെന്ന മട്ടിൽ സംസാരിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു.
കുട്ടിയുടെ നഗ്നചിത്രങ്ങൾ കൈയിലുണ്ടെന്നും സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്തുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. എറണാകുളം സ്വദേശിയായ മറ്റൊരു സ്ത്രീയുടെ പേരിലെടുത്ത സിം കാർഡുകളാണ് ഇയാൾ തട്ടിപ്പിനുപയോഗിച്ചത്. പ്രതി മുഖം പ്രദർശിപ്പിക്കാതെ മറ്റൊരു സ്ത്രീയുമായി ഇതേ രീതിയിൽ വർഷങ്ങളോളം സമൂഹമാധ്യമം വഴി ബന്ധം സ്ഥാപിച്ചിരുന്നെന്നും പോലീസ് പറഞ്ഞു. പ്രതിയെ പട്ടാമ്പി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജയിലിലാക്കി. തുടരന്വേഷണം നടന്നുവരികയാണെന്ന് ചാലിശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫീസർ ശശീന്ദ്രൻ മേലയിൽ പറഞ്ഞു.