ഡൽഹി: ജമ്മു-കശ്മീരിൽ ഭീകരാക്രമണത്തിൽ കഴിഞ്ഞ 32 മാസത്തിനിടെ വീരമൃത്യുവരിച്ചത് 48 സൈനികർ. കഴിഞ്ഞ ജൂൺ, ജൂലായ് മാസങ്ങളിൽ ജമ്മുവിൽമാത്രം ആറുഭീകരാക്രമണമുണ്ടായി. 2021 മുതൽ 70-ലധികം പേരാണ് ജമ്മു-കശ്മീരിലെ വിവിധ ഇടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ വീരമൃത്യുവരിച്ചത്. 2021 മുതൽ ജമ്മു-കശ്മീരിലുണ്ടായ പ്രധാന ഏറ്റുമുട്ടലുകൾ ജൂലായ് 16 2024- ജമ്മു-കശ്മീരിലെ ദോഡാ ജില്ലയിലുണ്ടായ വെടിവപ്പിൽ നാലു സൈനികർക്ക് വീരമൃത്യു. ജൂലായ് എട്ട് 2024-കഠുവ ജില്ലയിൽ സൈന്യം സഞ്ചരിച്ച ട്രക്കിനുനേരേ ഭീകരാക്രമണം. അഞ്ചു സൈനികർക്ക് വീരമൃത്യു. അഞ്ചു സൈനികർക്ക് പരിക്ക്. ജൂലായ് ഏഴ് 2024- കുൽഗാം ജില്ലയിൽ ഏറ്റുമുട്ടൽ. രണ്ടു സൈനികർക്ക് വീരമൃത്യു. ആറുഭീകരരെ വധിച്ചു.
ജൂൺ 26-2024- ദോഡാ ജില്ലയിലുണ്ടായ ആക്രമണത്തിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചു. ജൂൺ ഒൻപത് 2024- റിയാസിയിൽ തീർഥാടകരുടെ വാഹനത്തിനുനേരേ ആക്രമണം. ഒൻപതുപേർ കൊല്ലപ്പെട്ടു. 33 പേർക്ക് പരിക്ക്. മേയ് നാല് 2024- പൂഞ്ച് ജില്ലയിൽ സൈനികരുടെ വാഹനവ്യൂഹത്തിനുനേരേ ആക്രമണം. വ്യോമസേനാംഗത്തിന് വീരമൃത്യു. അഞ്ചുപേർക്ക് പരിക്ക്. ഡിസംബർ 21 2023- പൂഞ്ചിൽ സൈനികവാഹനങ്ങൾക്കുനേരേ ഒളിയാക്രമണം. അഞ്ചുസൈനികർക്ക് വീരമൃത്യു. രണ്ടുപേർക്ക് പരിക്ക്. നവംബർ 22 2023- രജൗരിയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ക്യാപ്റ്റന്മാരുൾപ്പെടെ നാലു സൈനികർക്ക് വീരമൃത്യു. ഏപ്രിൽ 20 2023- പൂഞ്ചിൽ സേനാവാഹനത്തിനുനേരേ ഭീകരാക്രമണം. അഞ്ചു സൈനികർക്ക് വീരമൃത്യു. മേയ് 13 2022- കത്രയിൽ തീർഥാടകരുടെ വാഹനത്തിനുനേരേ ഭീകരാക്രമണം. നാലുപേർ കൊല്ലപ്പെട്ടു. ഡിസംബർ 13 2021-ശ്രീനഗറിലെ സെവാനിൽ ബസിനുനേരേയുണ്ടായ ആക്രമണത്തിൽ രണ്ടു പോലീസുകാർക്ക് വീരമൃത്യു. 12 പേർക്ക് പരിക്ക്.