തിരുവനന്തപുരം : കേരളാ പോലീസില്‍ ഇനി നാലംഗ ഉപദേശക സംഘവും. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിനെ സുപ്രധാന വിഷയങ്ങളില്‍ ഉപദേശിക്കാനാണ് പ്രത്യേക സംഘം. 4 എ.ഡി.ജി.പിമാരെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്.
പ്രധാന വിഷയങ്ങളില്‍ പോലീസ് ആസ്ഥാനത്തെ എഡിജിപി മനോജ് ഏബ്രഹാം, ഇന്റലിജന്‍സ് മേധാവി ടി.കെ. വിനോദ് കുമാര്‍, ക്രമസമാധാനച്ചുമതലയുള്ള എഡിജിപി വിജയ് സാക്കറെ, ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്ത് എന്നിവരുമായി കൂടിയാലോചന നടത്തണം. ഏകപക്ഷീയമായ തീരുമാനം ഒന്നും അംഗീകരിക്കില്ല. യുപിഎസ് സിയുടെ ശുപാര്‍ശയിലാണ് അനില്‍കാന്ത് ഡിജിപിയാകുന്നത്. കലാവധി തീരും വരെ ഇനി മാറ്റാന്‍ കഴിയുകയുമില്ല. ഇതുകൊണ്ടാണ് പുതിയ സംവിധാനം സര്‍ക്കാര്‍ കൊണ്ടു വരുന്നത്. ഇതിലൂടെ ഡിജിപിയില്‍ നിയന്ത്രണത്തിനാണ് ശ്രമം.
സീനിയോരിറ്റിയില്‍ 2 പേരെ പിന്തള്ളിയാണ് അനില്‍ കാന്തിനെ ഡിജിപിയാക്കിയത്. അതുകൊണ്ടുതന്നെ ഡിജിപി വിവാദങ്ങളില്‍ ചെന്നു വീണാല്‍ അതിന്റെ പേരു ദോഷം സര്‍ക്കാരിനാകും. അതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കരുതലുകള്‍ക്ക് നിര്‍ദ്ദേശം കൊടുക്കുന്നത്. അനില്‍ കാന്തിനെ പോലീസ് മേധാവിയായി നിശ്ചയിച്ച മന്ത്രിസഭാ യോഗത്തിനു ശേഷം അദ്ദേഹത്തിനും സ്ഥാനമൊഴിഞ്ഞ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി ഉച്ചഭക്ഷണം നല്‍കിയിരുന്നു.
യുപിഎസ്‌സി നല്‍കിയ മൂന്നംഗ പട്ടികയില്‍ അനില്‍ കാന്തിനേക്കാള്‍ സീനിയറായ സുദേഷ് കുമാര്‍, ബി.സന്ധ്യ എന്നിവരെ ഒഴിവാക്കിയായിരുന്നു നിയമനം. പുതിയ ഡിജിപിക്ക് ഇഷ്ടമുള്ളവരെ പോലീസ് ആസ്ഥാനത്തെ പ്രധാന ചുമതലകളില്‍ നിയമിക്കാം. അതു തല്‍ക്കാലം വേണ്ടെന്നാണു നിര്‍ദ്ദേശം. അനില്‍ കാന്തിനൊപ്പം വര്‍ഷങ്ങളായി ജോലി ചെയ്യുന്ന കമ്പ്യൂട്ടര്‍ വിദഗ്ധരായ 2 ജീവനക്കാരെ അവിടെ നിയമിച്ചു. അതിന് അപ്പുറത്തേക്ക് ഓഫീസില്‍ അഴിച്ചു പണിയുണ്ടാകില്ല.
സുദേഷും സന്ധ്യയും അനില്‍ കാന്ത് ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ നിന്നു വിട്ടു നിന്നിരുന്നു. സുദേഷ് ഇന്നലെ പോലീസ് ആസ്ഥാനത്തെത്തി അനില്‍കാന്തിനെ കണ്ടു. പോലീസ് മേധാവി ആകാത്തതില്‍ വിഷമം ഉണ്ടെന്നും എന്നാല്‍ സര്‍ക്കാര്‍ തീരുമാനം ആയതിനാല്‍ അനിലിനു പുര്‍ണ പിന്തുണ ഉണ്ടാകുമെന്നും സുദേഷ് അറിയിച്ചു. സന്ധ്യ ഇതുവരെ അനില്‍ കാന്തിന്റെ നിയമനത്തോടെ പ്രതികരിച്ചിട്ടില്ല. കേരളത്തില്‍ ഐപിഎസുകാരില്‍ സീനിയോറിട്ടിയില്‍ ആറാമനാണ് അനില്‍ കാന്ത് ഇപ്പോള്‍.
ഋഷിരാജ് സിംഗാണ് മുതിര്‍ന്ന ഐപിഎസുകാരന്‍. രണ്ടാമന്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള അരുണ്‍കുമാര്‍ സിന്‍ഹയും. ടോമിന്‍ തച്ചങ്കരിയാണ് മൂന്നാമന്‍. ഇതില്‍ ഋഷിരാജ് സിങ് ഉടന്‍ വിരമിക്കും. സിന്‍ഹയ്ക്ക് ഡല്‍ഹിയില്‍ തുടരാനാണ് താല്‍പ്പര്യം. കേസുകള്‍ തച്ചങ്കരിക്കും വിനയായി. ഈ സാഹചര്യത്തിലാണ് ചുരുക്കപ്പട്ടികയില്‍ ഇന്ന് ഇവര്‍ ഒഴിവായത്. ഇതോടെ സന്ധ്യ ഡിജിപിയാകുമെന്ന് ഏവരും പ്രതീക്ഷിച്ചു. എന്നാല്‍ നറുക്ക് വീണത് അനില്‍കാന്തിനാണ്.
ഡല്‍ഹി സ്വദേശിയായ അനില്‍കാന്ത് 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറായിരുന്നു. ദളിത് വിഭാഗത്തില്‍ നിന്ന് സംസ്ഥാന പോലീസ് മേധാവിയാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ് അനില്‍കാന്ത്. എഡിജിപി കസേരിയില്‍ നിന്ന് നേരിട്ട് ഡിജിപിയാകുന്ന ഉദ്യോഗസ്ഥനെന്ന പ്രത്യേകതയും മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള അനില്‍കാന്തിനുണ്ട്.
ഏഴ് മാസത്തെ സര്‍വീസാണ് അനില്‍ കാന്തിന് അവശേഷിക്കുന്നത്. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ഡിജിപിമാര്‍ക്ക് രണ്ട് വര്‍ഷം കാലാവധി നല്‍കണം എന്ന വാദമുണ്ട്. അങ്ങനെ ഇല്ലെന്ന വിലയിരുത്തലും സജീവം. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ നിയമോപദേശങ്ങള്‍ തേടിയേക്കും. കേരളാ കേഡറില്‍ എ.എസ്‌പി ആയി വയനാട് സര്‍വ്വീസ് ആരംഭിച്ച അനില്‍കാന്ത് തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്‌പി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ഡല്‍ഹി, ഷില്ലോംങ് എന്നിവിടങ്ങളില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി.
മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്‌പി ആയും പ്രവര്‍ത്തിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡി.ഐ.ജി ആയും സ്‌പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ.ജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡിഷണല്‍ എക്‌സൈസ് കമ്മീഷണര്‍ ആയിരുന്നു.
എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എ.ഡി.ജി.പി ആയും പ്രവര്‍ത്തിച്ചു. ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍, ബറ്റാലിയന്‍, പോലീസ് ആസ്ഥാനം, സൗത്ത്‌സോണ്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എ.ഡി.ജി.പി ആയും ജോലി നോക്കി. ജയില്‍ മേധാവി, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ തലവന്‍, ഗതാഗത കമ്മീഷണര്‍ എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്.