എരുമേലി : കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് നാലു വയസുകാരന് ദാരുണാന്ത്യം. എരുമേലി മുട്ടപ്പള്ളിയിലാണ് ശനിയാഴ്ച രാവിലെ ദാരുണ സംഭവം ഉണ്ടായത്. മുട്ടപ്പള്ളി കരിമ്പിന്തോട്ടില്‍ ഷിജോ (രതീഷ് രാജന്‍ -സി എച്ച് സി കൗണ്‍സിലര്‍ വെച്ചൂച്ചിറ ) യുടെ മകന്‍ ധ്യാന്‍ രതീഷ് ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ കളിക്കുന്നതിനിടയിലാ യിരുന്നു അപകടം. മുട്ടപ്പള്ളിയിലെ വാടകവീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. ഈ വീടിനോട് ചേര്‍ന്ന് ആള്‍ മറയില്ലാത്ത കിണറുണ്ടായിരുന്നു. കളിക്കുന്നതിനിടെ കുട്ടി അപ്രതീക്ഷിതമായി കിണറ്റില്‍ വീഴുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ മാതാപിതാക്കള്‍ കണ്ടത് കുട്ടി കിണറ്റില്‍ വീണ് കിടക്കുന്നതാണ്. ഉടന്‍ തന്നെ കുട്ടിയെ പുറത്ത് എടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. കുഞ്ഞിന്റെ തലയില്‍ മുറിവുണ്ട്. ഉടന്‍ തന്നെ മുക്കൂട്ടുതറയിലെ അസ്സീസ്സി ആശുപത്രിയിലെത്തിച്ചെങ്കിലും, മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മുക്കൂട്ടുതറ അസീസി ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. സംസ്കാരം പിന്നീട്.