കൽപറ്റ; മിൽമയുടെ വിറ്റുവരവിൽ കഴിഞ്ഞ സാമ്പത്തിക വർഷം 5.22 ശതമാനം വർധന നേടിയതായി റിപ്പോർട്ട്. പാലും പാലുൽപന്നങ്ങളുമായി 2022–23ൽ 4119.15 കോടി രൂപയുടെ വിറ്റുവരവുണ്ടായിരുന്നതു കഴിഞ്ഞ സാമ്പത്തിക വർഷം 4346.67 കോടി രൂപയായിട്ടാണ് വർധിച്ചത്. ക്ഷീര കർഷകർക്ക് ഓണസമ്മാനമായി ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 100 രൂപ സബ്സിഡി നിരക്കിൽ 50 ദിവസത്തേക്കു നൽകാൻ വാർഷിക ജനറൽ ബോഡി തീരുമാനിച്ചതായും മിൽമ അധികൃതർ അറിയിച്ചു. കേരള കോ ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷന്റെ 70.18 കോടിയുടെ ക്യാപ്പിറ്റൽ ബജറ്റും 589.53 കോടി രൂപയുടെ റവന്യു ബജറ്റും അവതരിപ്പിച്ചു. പാൽ ഉൽപാദനം വർധിപ്പിക്കുന്നതിനാവശ്യമായ നടപടിയെടുക്കണമെന്നു സർക്കാരിനോട് ആവശ്യപ്പെട്ടു.
വയനാട്ടിൽ ഉൾപ്പെടെ പ്രകൃതിദുരന്ത കാലാവസ്ഥാ പ്രതിസന്ധി ഘട്ടങ്ങളിൽ മിൽമ നിർണായക ഇടപെടലുകൾ നടത്തിയെന്നു ചെയർമാൻ കെ.എസ്. മണി പറഞ്ഞു. ഓണക്കാലത്ത് ആവശ്യത്തിനു പാലും പാലുൽപന്നങ്ങളും ലഭ്യമാക്കും. ഉൽപന്നങ്ങളുടെ വൈവിധ്യവൽക്കരണവും ഡിസൈനിങ്ങിലും പാക്കിങ്ങിലും ഗുണനിലവാരത്തിലുമെല്ലാം ഏകീകൃത രൂപവും നടപ്പാക്കി. മിൽമ ചോക്ലേറ്റും മറ്റ് ഇൻസ്റ്റന്റ് ഉൽപന്നങ്ങളും വിപണിയുടെ മാറുന്ന താൽപര്യം തിരിച്ചറിഞ്ഞുള്ള മാറ്റമാണെന്നും ചെയർമാൻ പറഞ്ഞു. ഉൽപാദനച്ചെലവ് കുറയ്ക്കാൻ 12 മാസവും കാലിത്തീറ്റയ്ക്ക് സബ്സിഡി അനുവദിക്കുക, കന്നുകാലികൾക്ക് ചുരുങ്ങിയ ചെലവിൽ വൈദ്യസഹായം ലഭ്യമാക്കുക, പശുക്കളെ വാങ്ങാൻ പലിശരഹിത വായ്പ അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. യോഗത്തിൽ പങ്കെടുത്ത അംഗങ്ങളുടെ സിറ്റിങ് ഫീസ് ചൂരൽമല ക്ഷീര സഹകരണ സംഘത്തിനു നൽകാനും തീരുമാനിച്ചു.എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം.ടി.ജയൻ, തിരുവനന്തപുരം മേഖല യൂണിയൻ ചെയർമാൻ മണി വിശ്വനാഥ്, മിൽമ എംഡി ആസിഫ് കെ. യൂസഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിത പ്രദേശത്തെ ക്ഷീരകർഷകരെ ഫെഡറേഷൻ അംഗങ്ങൾ സന്ദർശിച്ചു.