കൊച്ചി : സംസ്ഥാനത്ത് ആശങ്ക പടര്‍ത്തി സമ്പര്‍ക്ക, സമൂഹവ്യാപനം മൂലമുള്ള കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ അഞ്ച് ജില്ലകളിലെ പ്രതിരോധവും ചികിത്സയും ‘പ്ലാന്‍ ബി’യിലേക്ക് മാറ്റുന്നു. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, മലപ്പുറം, പത്തനംതിട്ട ജില്ലകളാണ് ‘പ്ലാന്‍ ബി’യിലേക്ക് കടക്കുന്നത്.
പ്ലാന്‍ എയില്‍ 50 സര്‍ക്കാര്‍ ആശുപത്രികള്‍, രണ്ട് സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലായി ആയിരം ഐസൊലോഷന്‍ കിടക്കകള്‍ വീതമാണ് ഓരോ ജില്ലയിലും ഒരുക്കിയത്. എന്നാല്‍ രോഗവ്യാപനം രൂക്ഷമാതോടെ ഈ ജില്ലകളില്‍ സൗകര്യം തികയാതെ വന്നതോടെയാണ് പ്ലാന്‍ ബിയിലേക്ക് മാറിയിരിക്കുന്നത്.
പ്ലാന്‍ ബിയില്‍ സ്വകാര്യ ആശുപത്രികളുടെ സേവനം ഉപയോഗപ്പെടുത്തും. 71 സര്‍ക്കാര്‍ ആശുപത്രികളും 55 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 126 സ്ഥാപനങ്ങളിലേക്ക് രോഗികളെ എത്തിക്കാനാണ് തീരുമാനം. ഓരോ ജില്ലയിലും 1408 ഐസൊലേഷന്‍ കിടക്കകള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലകള്‍തോറും രണ്ട് ഫസ്റ്റ്ലൈന് ട്രീറ്റ്മന്റെ സെന്ററും ഒരുക്കും.
ഫെബ്രുവരിയിലാണ് കോവിഡ് പ്രതിരോധ-ചികിത്സകള്‍ക്ക് മൂന്നുതരത്തില്‍ പ്ലാനുകള്‍ ആരോഗ്യവകുപ്പ് ആവിഷ്കരിച്ചത്. കഴിഞ്ഞ അഞ്ചുമാസവും പ്ലാന്‍ എ അടിസ്ഥാനമാക്കിയായിരുന്നു പ്രവര്‍ത്തനം. അതുമൂലം രോഗവ്യാപനം നിയന്ത്രിക്കാനായെന്നാണ് വിലയിരുത്തല്‍. അതേസമയം പ്ലാന്‍ ബിയിലേക്ക് കടക്കുന്ന ജില്ലകളില്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുള്ള ആരോഗ്യപ്രവര്‍ത്തകരില്‍ പലരും കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുമാണ്. ഈ ഘട്ടത്തില്‍ രണ്ടാംനിര ടീമിനെ രംഗത്തിറക്കേണ്ടിവരും. എന്നാല്‍, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ ആവശ്യത്തിനില്ലാത്തത് ആശങ്ക ഉയര്‍ത്തുന്നു.