ഭോപ്പാല്‍ : മധ്യപ്രദേശില്‍ മെയ് 13ന് കാണാതായ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെ മൃതദേഹങ്ങള്‍ പാടത്ത് നിന്ന് കണ്ടെത്തി. അഞ്ചുപേരെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പത്ത് അടി ആഴത്തിലുള്ള കുഴിയില്‍ മറവ് ചെയ്യുകയായിരുന്നു. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. മൃതദേഹങ്ങള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് പോലീസ് കുഴിച്ചെടുത്തത്.
മമത ഭായ് കസ്‌തേ (45), ഇവരുടെ പെണ്‍മക്കളായ രൂപാലി (21), ദിവ്യ (14), ബന്ധുക്കളായ പൂജാ ഓസ്വാള്‍ (15), പവന്‍ ഓസ്വാള്‍ (14) എന്നിവരെ നെമാവര്‍ നഗരത്തിലെ വീട്ടില്‍ നിന്ന് മെയ് 13നാണ് കാണാതാകുന്നത്. ഇവരെ കാണാതായെന്ന പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാളുമായി ബന്ധമുള്ള വീട്ടുടമസ്ഥനും ഇയാളുടെ കൂട്ടാളികളുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
പ്രധാന പ്രതിയായ സുരേന്ദ്ര ചൗഹാനേയും മറ്റ് അഞ്ച് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് ഏഴ് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. പാടത്ത് പത്ത് അടി താഴ്ചയില്‍ അഴുകിയ നിലയിലാണ് അഞ്ച് മൃതദേഹങ്ങളും കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്കൊന്നിനും വസ്ത്രമില്ലായിരുന്നു. പ്രതികള്‍ വസ്ത്രങ്ങള്‍ ഊരിമാറ്റിയ ശേഷം കത്തിച്ചുവെന്നാണ് പോലീസ് പറയുന്നത്. കുഴിച്ചിട്ട മൃതദേഹങ്ങള്‍ വേഗത്തില്‍ അഴുകുന്നതിനായി ഉപ്പും യൂറിയയും ഉപയോഗിച്ച് പ്രതികള്‍ മൂടുകയായിരുന്നു.