തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യമായി അഞ്ചുലക്ഷം രൂപ നല്‍കണമെന്ന് യുഡിഎഫ്. സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ യുഡിഎഫ് പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുന്നറിയിപ്പ് നല്‍കി. സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സമാന വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ചെയ്തത് മുഖ്യമന്ത്രി മാതൃകയാക്കണം. പിഎസ് സി അംഗങ്ങളുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നതില്‍ സര്‍ക്കാരിന് ഒരു മടിയുമില്ല, എന്നാല്‍ ആശാ വര്‍ക്കര്‍മാരുടെ കാര്യം വരുമ്പോള്‍, സമരക്കാരുടെ നേതൃത്വത്തിലുള്ളവരെ അപമാനിക്കുകയാണ് ചെയ്യുന്നത്. ആശാ വര്‍ക്കര്‍മാര്‍ക്ക് 700 രൂപ പ്രതിദിന ഓണറേറിയം ആണ് ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നത്. 2014 ല്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ സിഐടിയു നേതാവായ എളമരം കരീം ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു.
ആരോഗ്യം സംസ്ഥാന വിഷയമായതിനാല്‍, ഓണറേറിയം പ്രശ്‌നം പരിഹരിക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ടാണ് സിഐടിയു അടുത്തിടെ ഹരിയാന സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചത്. എളമരം കരീം സംസ്ഥാന നിയമസഭയില്‍ ഈ വിഷയം ഉന്നയിച്ചതും അതുകൊണ്ടാണ്. വിഡി സതീശന്‍ പറഞ്ഞു.