പത്തനംതിട്ട : കോവിഡ് 19 ലക്ഷണങ്ങളുമായി ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്ന 28 പേരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. നിലവില്‍ ഏഴു പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. വലിയഅളവില്‍ പ്രാഥമിക സമ്പര്‍ക്കം ഉണ്ടായതിനാല്‍ കുറച്ച് ആളുകള്‍കൂടി രോഗലക്ഷണങ്ങള്‍ കാണിച്ചേക്കാം. ഇങ്ങനെയുള്ളവരെ ആശുപത്രികളിലെ ഐസലേഷന്‍ വാര്‍ഡുകളിലേക്കു മാറ്റും. രോഗലക്ഷണമുള്ള 24 പേരുടെ പരിശോധന ഫലത്തില്‍ ഇന്ന്(11) ലഭിച്ച അഞ്ചുപേരുടെ റിസള്‍ട്ട് നെഗറ്റീവാണ്. ഏഴ് സാമ്പികളുടെ റിസള്‍ട്ടുകള്‍കൂടി ഇന്നു ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇവരില്‍ 12 പേരുടെ സാമ്പിളുകള്‍ മാര്‍ച്ച് ഒന്‍പതിന് അയച്ചതാണ്. മാര്‍ച്ച് 10 ന് അയച്ച 12 പേരുടെ ഫലം 12 വ്യാഴാഴ്ച ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.
രോഗികളുമായി ഏതെങ്കിലുംതരത്തില്‍ സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ റൂട്ട്മാപ്പ് പുറത്തുവിട്ടത് സഹായിക്കും. റൂട്ട് മാപ്പ് തയ്യാറാക്കിയതിന്റെ ഭാഗമായി ഇന്നലെ(10) രാത്രി മാത്രം മുപ്പതോളം കോളുകള്‍ എത്തി. രോഗികള്‍ സന്ദര്‍ശിച്ച സ്ഥാപനങ്ങള്‍ നിലവില്‍ അടച്ചിടേണ്ട ആവശ്യമില്ല. നിലവില്‍ 900 പേരാണു ജില്ലയില്‍ ഹോം ഐസലേഷനില്‍ കഴിയുന്നത്. ഇവരില്‍ ചിലര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതിനാല്‍ അവരുടെ ലിസ്റ്റ് തയ്യാറാക്കി പോലീസിന് കൈമാറിയിട്ടുണ്ട്. ഇവര്‍ പുറത്തിറങ്ങുന്നില്ലെന്ന് പോലീസ് ഉറപ്പുവരുത്തുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.