ലഖ്‌നോ: ഫെബ്രുവരി 24 നാണ് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) എംഎൽഎ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയും ഉത്തർപ്രദേശിൽ അഭിഭാഷകനായ ഉമേഷ് പാലും രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടത്. ഈ കൊലപാതകം നടന്ന് 50 ദിവസം പൂർത്തിയാകുമ്പോൾ പ്രതികളായ അതീഖ് അഹമ്മദും സഹോദരൻ അഷ്റഫ് അഹമ്മദുമടക്കം ആറുപേരാണ് കൊല്ലപ്പെട്ടത്. അതീഖ് അഹമ്മദ്,സഹോദരന്‍ അഷറ്ഫ് അഹ്മദ്, അതീഖിന്റെ മകൻ അസദ്, സഹായികളായ ഗുലാം,അർബാസ്,ഉസ്മാന് എന്നിവരാണ് ഈ 50 ദിവസത്തിനുള്ളിൽ കൊല്ലപ്പെട്ടത്.
ഉമേഷ് പാലും അദ്ദേഹത്തിന്റെ രണ്ട് പോലീസ് സുരക്ഷാ ഗാർഡുകളും ധൂമംഗഞ്ച് വസതിക്ക് പുറത്ത് വെച്ചാണ് വെടിയേറ്റ് മരിക്കുന്നത്. ഉമേഷ് പാലിന്റെ ഭാര്യ ജയപാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി 25നാണ് അതീഖ്, അഷ്റഫ്, അതീഖിന്റെ ഭാര്യ ഷൈസ്ത പർവീൺ, രണ്ട് ആൺമക്കൾ, സഹായികളായ ഗുഡ്ഡു മുസ്ലീം, ഗുലാം എന്നിവരടക്കം മറ്റ് ഒമ്പത് പേർക്കുമെതിരെ കേസെടുത്തത്. ഇവരിൽ ഷൈസ്ത പർവീൺ ഒളിവിലാണ്. ഇവരെ കണ്ടെത്തുന്നവർക്ക് 50,000 രൂപ പാരിതോഷികം പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉമേഷ് പാലിനെ കൊല്ലാനെത്തിയവരുടെ വാഹനത്തിന്റെ ഡ്രൈവറെന്ന് പറയുന്ന അർബാസ് ഫെബ്രുവരി 27 ന് പ്രയാഗ്രാജിൽ നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. മാർച്ച് 6 ന് പ്രയാഗ്രാജിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ ഉസ്മാൻ കൊല്ലപ്പെട്ടപ്പോൾ ഏപ്രിൽ 13 ന് ഝാൻസിയിൽ വെച്ച് അതീഖിന്റെ മകൻ അസദിനെയും സഹായി ഗുലാമിനെയും കൊലപ്പെടുത്തി. ഉമേഷ് പാൽ വധക്കേസുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ സബർമതി ജയിലിൽ നിന്ന് മുൻ സമാജ് വാദി പാർട്ടി എംപി അതീഖിനെയും സഹോദരനെയും കോടതി വിചാരണയ്ക്കായി പ്രയാഗ്രാജിലേക്ക് കൊണ്ടുപോകുന്നതിനിടെ വെടിയേൽക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ടാണ് പോലീസ് വലയത്തിനുള്ളില്‍വെച്ച് ഇരുവരും കൊല്ലപ്പെടുന്നത്. മാധ്യമപ്രവര്‍ത്തകര്‍ എന്ന വ്യാജേന എത്തിയ മൂന്നുപേരാണ് ഇരുവരെയും വെടിവെച്ച് കൊന്നത്. മകന്റെ മരണത്തിന് ഒരു മാസം മുമ്പ്, തനിക്ക് പോലീസ് കസ്റ്റഡിയിൽ സംരക്ഷണം വേണമെന്ന് അതീഖ് ആവശ്യപ്പെട്ടിരുന്നു.