കൊച്ചി: ടെന്‍ഡര്‍ പോലും വിളിക്കാതെ ഊരാളുങ്കലിന് 52 കോടിയുടെ കരാര്‍ നല്‍കിയ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും കുരുക്കില്‍. നിയമസഭയുമായി ബന്ധപ്പെട്ട കരാറാണ് ‘പ്രത്യേക കേസായി’ പരിഗണിച്ച് ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയത്.
നിയമസഭാ കടലാസ് രഹിതമാക്കാനുള്ള പദ്ധതിയും ഇ-നിയമസഭാ പദ്ധതിയുമാണ് 52.31 കോടി രൂപയ്ക്ക് ഊരാളുങ്കലിന് നല്‍കിയത്. കമ്പ്യൂട്ടര്‍വല്‍കരണത്തിനുള്ള ടോട്ടല്‍ സൊല്യൂഷന്‍ പ്രൊവൈഡര്‍ (ടിഎസ്പി) എന്ന പരിഗണന കൂടി സ്പീക്കര്‍ അവര്‍ക്ക് നല്‍കി.
നിയമസഭയെ കടലാസ് രഹിതമാക്കുന്ന പദ്ധതിയുടെ പ്രാഥമിക പഠനം നടത്തിയത് ഊരാളുങ്കലായിരുന്നു. അവര്‍ പദ്ധതി പ്രത്യേകമായി അവതരിപ്പിച്ച് കാണിക്കുകയും ചെയ്തു. തുടര്‍ന്ന് അവര്‍ അനുയോജ്യരാണെന്ന് വിധിച്ച് കരാര്‍ നല്‍കുകയായിരുന്നു. ഇക്കാര്യം 2018 ജനുവരി 18ന് സ്പീക്കര്‍ കൈയെഴുത്ത് ഉത്തരവായി (നം. 1-2016-ഐടിഡി) ഇറക്കി. 2017 സെപ്റ്റംബറില്‍ ഊരാളുങ്കല്‍ സമര്‍പ്പിച്ച കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഈ സൊസൈറ്റിയെ ടിഎസ്പിയായി അംഗീകരിച്ചിട്ടുള്ളത് കത്ത് മുഖേന സ്പീക്കറെ അറിയിച്ചു.
തുടര്‍ന്നാണ് ഊരാളുങ്കലിനെ ‘പ്രത്യേക കേസായി’ പരിഗണിച്ച് അനുയോജ്യരായി സ്പീക്കര്‍ കണ്ടെത്തിയത്. അതിനു ശേഷം 2018 ജനുവരി രണ്ടിനാണ് സ്പീക്കര്‍ നിയമസഭാ സെക്രട്ടേറിയറ്റില്‍ ടെക്‌നിക്കല്‍ കമ്മിറ്റിയുണ്ടാക്കിയത്. ഈ കമ്മിറ്റി 2019 ജനുവരി 11ന് ഊരാളുങ്കല്‍ സമര്‍പ്പിച്ച വിശദപദ്ധതി അംഗീകരിക്കുകയായിരുന്നു. മാര്‍ച്ച് ആറിന് 52,31,00,000 രൂപയുടെ (52.31 കോടി) പദ്ധതിക്ക് ഭരണാനുമതി നല്‍കി ഉത്തരവിട്ടു.
ഊരാളുങ്കല്‍ സൊസൈറ്റിക്ക് പ്രത്യേക പരിഗണനയില്‍ 30 ശതമാനം പണം അനുവദിക്കാനും സ്പീക്കര്‍ നിര്‍ദേശിച്ചു. സര്‍ക്കാരിന്റെ എട്ട് മേഖലകളിലെ കരാറുകള്‍ വഴി 8,000 കോടിയോളം രൂപയുടെ പ്രവൃത്തികള്‍ ചെയ്ത സൊസൈറ്റിക്ക് നിയമസഭയുടെ കമ്പ്യൂട്ടര്‍വല്‍കരണ പദ്ധതി നടപ്പാക്കാന്‍ 13.59 കോടി രൂപ മുന്‍കൂര്‍ അനുവദിക്കാനും സ്പീക്കര്‍ ഇടപെട്ടു. 2019 ജൂണ്‍ 13ന് ഇറങ്ങിയ ഉത്തരവ് 2019 മെയ് ആറിന് ഊരാളുങ്കല്‍ നല്‍കിയ കത്ത് പ്രകാരമാണ്. ഈ ഉത്തരവിലും ”പ്രത്യേക കേസായി പരിഗണിച്ച്” പണം അനുവദിക്കാനാണ് നിര്‍ദേശം.
ഊരാളുങ്കല്‍ സൊസൈറ്റിക്ക് ‘പ്രത്യേക കേസായി’ പരിഗണിച്ചാണ് സര്‍ക്കാര്‍ പല കരാറുകളും നല്‍കിയിരിക്കുന്നത്. അസാധാരണ സന്ദര്‍ഭങ്ങളില്‍ നല്‍കുന്ന ഈ ആനുകൂല്യം എണ്‍പത് ശതമാനം കരാറുകള്‍ക്കും ബാധകമാക്കിയിട്ടുണ്ട്. നിയമസഭയിലെ നിര്‍മാണക്കരാറുകള്‍ക്കും ഇത്തരത്തില്‍ ‘പ്രത്യേക പരിഗണന’യും അതെല്ലാം ഒരേ സ്ഥാപനത്തിനായതും സംശയത്തിന്റെ നിഴലിലാണ്.