തിരുവനന്തപുരം : കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയത് വിവിധ കോടതികളിലെ 5325 കേസുകള്‍. പെറ്റിക്കേസുകള്‍ അനാവശ്യമായി ചുമത്തി ജനങ്ങളെ പോലീസ് പീഡിപ്പിക്കുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ ഖജനാവിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയതും ക്രിമിനല്‍ സ്വഭാവമുള്ളതുമായ ആയിരക്കണക്കിന് കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതികളെ സമീപിച്ചത്. ഭൂരിപക്ഷം കേസുകളിലും തുടര്‍ നടപടികള്‍ ഇതിനകം അവസാനിപ്പിക്കുകയും ചെയ്തു.
നിയമസഭയിലെ കൈയാങ്കളി കേസ് പോലെ കോടതിയുടെ ഇടപെടല്‍മൂലം അവസാനിപ്പിക്കാനാകാത്ത ഏതാനും കേസുകളുണ്ട്. 2016 മേയ് 25 മുതല്‍ ഈ വര്‍ഷം ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരമാണ് വിവിധ കോടതികളില്‍ പരിഗണനയിലുള്ള 5325 കേസുകള്‍ പിന്‍വലിക്കുന്നതിന് സര്‍ക്കാറിന് എതിര്‍പ്പില്ലെന്ന നിരാക്ഷേപ പത്രം സമര്‍പ്പിച്ചത്.
സര്‍ക്കാര്‍ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കുന്നു. ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയന്, സി.പി.എം നേതാക്കള്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട കേസുകളുമുണ്ട്. പ്രതിഷേധ മാര്‍ച്ചുകള്‍, ധര്‍ണകള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് പുറമെ പൊതുമുതല്‍ നശിപ്പിച്ചവ, ക്രിമിനല്‍ കേസുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും. പോലീസിന് നേരെയുണ്ടായ അതിക്രമങ്ങള്‍ ഉള്‍പ്പെടെ കേസുകള്‍ പലതും പിന്‍വലിച്ചിട്ടുണ്ട്. പി.എസ്.സി പരീക്ഷാ തട്ടിപ്പ് പോലുള്ള കേസുകളിലെ പ്രതികളില്‍ ചിലര്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളും ഇതില്‍പെടും.
ഇടതു നേതാക്കള്‍ പ്രതികളായ കേസുകളാണ് പിന്‍വലിക്കപ്പെട്ടവയില്‍ ഏറെയും. ഇത്തരത്തില്‍ സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ പ്രോസിക്യൂഷന് ഭാഗത്തുനിന്ന് എതിര്‍പ്പ് പ്രകടിപ്പിക്കാത്തതിനെതുടര്‍ന്ന് കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കുകയാണ് പതിവ്. എന്നാല്‍, നിയമസഭ കൈയാങ്കളി കേസില്‍ പ്രതിപക്ഷത്തു നിന്ന് എതിര്‍പ്പുണ്ടായ സാഹചര്യത്തിലാണ് കോടതി ഇടപെടുകയും കേസ് പിന്‍വലിക്കാന്‍ അനുമതി നിഷേധിച്ചതും വിടുതല്‍ ഹരജി തള്ളിയതും. അല്ലെങ്കില്‍ സര്‍ക്കാര്‍ ഖജനാവിന് ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തിയ ഈ കേസും അവസാനിക്കുമായിരുന്നു.































