തിരുവനന്തപുരം : സംസ്ഥാനത്തെ 57ലക്ഷം പേർക്ക് ക്ഷേമപെൻഷൻ അനുവദിച്ച് സംസ്ഥാനസർക്കാർ ഇന്നലെ ഉത്തരവിറക്കി. 912കോടിരൂപയാണ് ഇതിനു വേണ്ടത്. 16 ക്ഷേമനിധി ബോർഡിലുള്ളവർക്കും ഒരു മാസത്തെ പെൻഷൻ അനുവദിച്ചു. ഇത് ഏത് മാസത്തെ പെൻഷനാണെന്ന് ഉത്തരവിൽ പരാമർശമില്ല.കഴിഞ്ഞ വർഷം ആഗസ്റ്റിലെ പെൻഷനാണ് ഡിസംബറിൽ ക്രിസ്മസിനു മുമ്പായി വിതരണം ചെയ്തത്. ആറുമാസത്തെ പെൻഷനാണ് കുടിശികയാണ് ഉള്ളത്. ഇതേസമയം, ഒരുമാസത്തെ ക്ഷേമപെൻഷൻ 15മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
അടുത്ത മാസം മുതൽ അതത് മാസം നൽകും.1600രൂപാവീതം 52ലക്ഷം പേർക്ക് കിട്ടും. 900കോടിരൂപയാണ് വേണ്ടിവരുന്നത്. മസ്റ്ററിംഗ് നടത്താത്തവർക്ക് കിട്ടില്ല. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയവർക്ക് ബാങ്ക് മുഖേനയും അല്ലാത്തവർക്ക് സഹകരണസംഘങ്ങൾ വഴി നേരിട്ടുമായിരിക്കും വിതരണം. നിലവിൽ സെപ്തംബർ മുതലുള്ള ക്ഷേമപെൻഷനാണ് കുടിശ്ശികയുള്ളത്.കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നത് തുടരുന്നതുകൊണ്ടാണ് ക്ഷേമപെൻഷൻ വിതരണം താളം തെറ്റിയതെന്ന് മന്ത്രി പറഞ്ഞു.