പാലക്കാട് : ഹിന്ദു-മുസ്ലീം പ്രണയ കഥ പ്രമേയമാക്കിയ സിനിമയുടെ സെറ്റില്‍ ആക്രമണം നടത്തുകയും ചിത്രീകരണം തടയുകയും ചെയ്ത സംഭവത്തില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റു ചെയ്തു. കടമ്പഴിപ്പുറം സ്വദേശികളായ സുബ്രഹ്മണ്യന്‍, ബാബു, ശ്രീജിത്ത്, സച്ചിദാനന്ദന്‍, ശബരീഷ് എന്നിവരാണ് അറസ്റ്റിലായത്. അതിക്രമിച്ച് കടക്കല്‍, നിയമ വിരുദ്ധമായി സംഘംചേരല്‍, അക്രമം ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
ക്ഷേത്ര ഭാരവാഹികളുടെ ഉള്‍പ്പടെ മുന്‍കൂര്‍ അനുമതി വാങ്ങി നടത്തിയ “നീയാം നദി” എന്ന സിനിമ ചിത്രീകരണത്തിന്റെ ആദ്യ ദിവസമാണ് സംഘര്‍ഷമുണ്ടായത്. ഹിന്ദു-മുസ്ലിം പ്രണയകഥ പ്രമേയമാക്കിയ ചിത്രത്തിന് ഒരിടത്തും ചിത്രീകരിക്കാന്‍ അനുമതി നല്‍കില്ലെന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയതായി അണിയറക്കാര്‍ പറഞ്ഞു. ചിത്രീകരണ സംഘത്തിലുള്ള കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റു. ക്ഷേത്ര പരിസരത്ത് സംഘര്‍ഷം ഉണ്ടായതോടെ പോലീസ് ഇടപെട്ട് ഷൂട്ടിംഗ് മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു.