ന്യൂ ഡല്‍ഹി : 5 ജി സ്‌പെക്‌ട്രം ലേലം ഇന്ന് ആരംഭിക്കും. വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍, മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ, അദാനി ഡേറ്റ എന്നീ വന്‍കിട കമ്ബനികളാണ് ലേലത്തില്‍ പങ്കെടുക്കും. ലേലം നേടുന്നവര്‍ക്ക് സ്‌പെക്‌ട്രം ഉപയോഗിക്കാനുള്ള ലൈസന്‍സ് അവകാശം 20 വര്‍ഷത്തിലേക്കായിരിക്കും ലഭിക്കുക.ടെലികോം മന്ത്രാലയമാണ് ലേലം നടത്തുന്നത്.
ഇക്കഴിഞ്ഞ ജൂണിലാണ് കേന്ദ്ര ക്യാബിനെറ്റ് 5 ജി ലേലത്തിന് അനുമതി നൽകിയിരുന്നത്. സ്‌പെക്ട്രത്തിന് മുൻകൂർ പണം അടയ്‌ക്കേണ്ട. പകരം 20 തവണയായി അടയ്ക്കാവുന്നതാണ്. 10 വർഷം കഴിയുമ്പോൾ ആവശ്യമെങ്കിൽ സ്‌പെക്ട്രം മടക്കി നൽകുകയും ചെയ്യാം. ശേഷിക്കുന്ന തവണകളുടെ കാര്യത്തിൽ ബാധ്യതയുണ്ടാവില്ല. നിലവിൽ നാല് കമ്പനികളും കൂടി ഏണസ്റ്റ് മണി ഡെപ്പോസിറ്റായി 21,800 കോടി രൂപ ലേലത്തിലേക്ക് നിക്ഷേപിച്ചിട്ടുണ്ട്. റിലയൻസ് ജിയോ ഏറ്റവും കൂടിയ തുകയായ 14,000 കോടിയും എയർടെൽ 5,500 , വൊഡാഫോൺ ഐഡിയ 2,200 കോടിയും നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന കണക്കുകൾ. നൂറ് കോടി രൂപ മാത്രമാണ് അദാനി ഗ്രൂപ്പ് എഎംഡിയായി നിക്ഷേപിച്ചത്.
ഇന്ത്യയിൽ തുടക്കത്തിൽ 13 നഗരത്തിലാവും 5 ജി സേവനം ലഭ്യമാവുകന്നത്. ഗുജറാത്തിലെ അഹമ്മദാബാദിലും ജാംനഗറിലും ഗാന്ധിനഗറിലും ആദ്യംതന്നെ ലഭിക്കുന്നതാണ്. ബംഗളൂരു, ഛണ്ഡീഗഢ്, ഡൽഹി, ഹൈദരാബാദ്, പുണെ, ലഖ്‌നോ, മുംബൈ, കൊൽക്കത്ത നഗരങ്ങളും പട്ടികയിലുണ്ട്. എന്നാൽ തുടക്കത്തിൽ കേരളമില്ല. ലേലപ്രക്രിയയും മറ്റു നടപടികളും പ്രതീക്ഷിച്ച നിലയിൽ പുരോഗമിച്ചാൽ സെപ്തംബറോടെ 5 ജി സേവനം ലഭിച്ചുതുടങ്ങുമെന്നാണ് ലഭ്യമാകുന്ന വിവരം.