തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച കെ പി സി സി രാഷ്ട്രീയകാര്യസമിതിയില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. ന്യൂനപക്ഷ വോട്ടുകള്‍ എല്‍ ഡി എഫിലേക്കും ഭൂരിപക്ഷ വോട്ടുകള്‍ ബി ജെ പിയിലേക്കും പോവുന്നത് തടയണമെന്നും ശക്തികേന്ദ്രങ്ങളിലെ വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ നടപടിയുണ്ടാവണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
മധ്യകേരളത്തിലും മധ്യതിരുവിതാകൂറിലും കോണ്‍ഗ്രസിന്‍റെയും യു ഡി എഫിന്‍റെയും പരമ്പരാഗത വോട്ടുകളില്‍ അതിശക്തമായ ചോര്‍ച്ചയുണ്ടായത് ഇത് ഗുരുതരമാണ്. ക്രിസ്‌ത്യന്‍ വോട്ടുകളില്‍ വിളളലുണ്ടായി. അത് ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശം കൊണ്ടുമാത്രമല്ലെന്നും രാഷ്ട്രീയകാര്യ സമിതി വിലയിരുത്തി.
അരോചകമായ വാര്‍ത്താസമ്മേളനങ്ങളല്ലാതെ കെ പി സി സി എന്തുചെയ്‌തുവെന്ന് നേതൃത്വത്തിനെതിരേ ഷാനിമോള്‍ ഉസ്‌മാന്‍ വിമര്‍ശനം ഉന്നയിച്ചു. നേതാക്കള്‍ പരസ്‌പരം പുകഴ്‌ത്തിക്കോളൂ എന്നാല്‍ പ്രവര്‍ത്തകര്‍ അംഗീകരിക്കില്ല. ജനം ചോദ്യം ചെയ്യുന്ന സാഹചര്യം വന്നേക്കാമെന്നും ഷാനിമോള്‍ ഷാനിമോള്‍ ഉസ്‌മാന്‍ പറഞ്ഞു.
ഇത്തരത്തിലാണ് കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനമെങ്കില്‍ ആറ് മാസം കഴിയുമ്പോള്‍ നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയം ചര്‍ച്ച ചെയ്യാന്‍ ഇതുപോലെ യോഗം വിളിക്കാമെന്നാണ് വി ഡി സതീശന്‍ പരിഹസിച്ചത്. എല്ലാ ദിവസവും പത്രസമ്മേളനം നടത്തിയതുകൊണ്ട് വോട്ടുകിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പത്ത് പഞ്ചായത്തുകള്‍ കൂടുതല്‍ കിട്ടിയെന്ന മുല്ലപ്പളളിയുടെ അഭിപ്രായത്തിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്ത് സീറ്റ് കൂടുതല്‍ കിട്ടിയാല്‍ മതിയോ എന്നായിരുന്നു പി സി വിഷ്‌ണുനാഥിന്‍റെ ചോദ്യം. ബി ജെ പിയും സി പി എമ്മും സാമൂഹികമാധ്യമങ്ങളെ മികച്ചരീതിയില്‍ ഉപയോഗപ്പെടുത്തിയപ്പോള്‍ കോണ്‍ഗ്രസ് എന്തുചെയ്‌തുവെന്നും വിഷ്‌ണുനാഥ് ചോദിച്ചു.
താഴെത്തട്ടുമുതല്‍ അഴിച്ചുപണി കൂടിയേതീരൂവെന്നായിരുന്നു കെ സുധാകരന്‍റെ അഭിപ്രായം. പ്രവര്‍ത്തിക്കാത്തവരെ മാറ്റണം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്‍റെ പേരില്‍ നടന്നത് ഗ്രൂപ്പുകളി മാത്രമാണെന്നായിരുന്നു പി ജെ കുര്യന്‍റെ ആരോപണം. സ്ഥാനാര്‍ത്ഥി നിര്‍ണയം പാളി എന്ന അഭിപ്രായം എല്ലാവരും പങ്കിട്ടു. സ്ഥാനാര്‍ത്ഥികളെ സാമ്പത്തികമായി സഹായിക്കാന്‍ കഴിഞ്ഞില്ലെന്നും വിമര്‍ശനമുയര്‍ന്നു. കെ പി സി സി. ഭാരവാഹികള്‍ക്ക് ചുമതല നല്‍കാത്തതും വെല്‍ഫയര്‍ പാര്‍ട്ടി ബന്ധവും ചര്‍ച്ചയായി.