കൊച്ചി : തോപ്പുംപടിയില്‍ ആറു വയസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. ശിശുക്ഷേമ സമിതി പ്രവർത്തകർ നൽകിയ വിവരത്തെ തുടർന്ന് പോലീസ് പുലർച്ചെ വീട്ടിലെത്തിയാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്. കുഞ്ഞിനെ പിതാവ് ക്രൂരമായി മർദിക്കുന്ന വിവരം നാട്ടുകാരാണു ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ അറിയിച്ചത്. കുഞ്ഞിന്റെ ദേഹത്തു മുഴുവന്‍ മര്‍ദനമേറ്റ പാടുകളുണ്ട്.
ഭാര്യയുമായി പിണങ്ങിയ പ്രതി കുഞ്ഞിനെ വിട്ടു കൊടുക്കാതെ കൂടെ താമസിപ്പിച്ചു വരികയായിരുന്നു. ഇതിനിടെ ഇയാൾക്കു വിദേശത്തേക്കു പോകാന്‍ അവസരമുണ്ടായി. കുഞ്ഞിനെ കൂടെ കൊണ്ടുപോകാനാണ് ആദ്യം പദ്ധതി ഇട്ടതെങ്കിലും നടക്കില്ലെന്നു വന്നതോടെ കടുത്ത ദേഷ്യത്തിലും നിരാശയിലുമായി.
കുട്ടി കാരണം തന്റെ യാത്ര മുടങ്ങും എന്നു വന്നതോടെ കുഞ്ഞിനോട് ദേഷ്യത്തോടെ പെരുമാറുകയായിരുന്നു എന്നാണ് അറിയുന്നത്. കുട്ടി പഠിക്കുന്നില്ല എന്നാരോപിച്ച് അടിക്കുകയായിരുന്നു എന്നാണ് ഇയാൾ പോലീസിനു നൽകിയ മൊഴി. കുട്ടിയെ ശിശുക്ഷേമ ഭവനിലേക്കു മാറ്റി.