ബെംഗളൂരു : കോവിഡ് ബാധിച്ചു മരിച്ച പിതാവിന്റെ മൃതദേഹം കൊണ്ടുപോകാൻ സ്വകാര്യ ആംബുലൻസ് 60,000 രൂപ ആവശ്യപ്പെട്ടുവെന്ന മകളുടെ പരാതിയിൽ ഡ്രൈവറെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു.
ആശുപത്രിയിൽ നിന്നു പീനിയയിലെ ശ്മശാനത്തിലേക്കു കൊണ്ടുപോകാനാണ് അമിത നിരക്ക് ആവശ്യപ്പെട്ടത്. ഇത്രയും പണം കൈവശമില്ലെന്നും താലിമാല പണയം വെച്ച് തുക നൽകാമെന്നും പറഞ്ഞെങ്കിലും ഇവർ വഴങ്ങിയില്ല. ആവശ്യപ്പെട്ട പണം ലഭിച്ചില്ലെങ്കിൽ മൃതദേഹം റോഡിൽ തള്ളുമെന്നു പറഞ്ഞതോടെ മകൾ ഭവ്യ പോലീസ് ഹെൽപ് ലൈനിൽ ബന്ധപ്പെടുകയായിരുന്നു. ഇതോടെ നിലപാട് മയപ്പെടുത്തിയ ആംബുലൻസ് ഉടമ 16,000 രൂപയ്ക്കു സർവീസ് നടത്താമെന്നു സമ്മതിച്ചു.
സംഭവം വിവാദമായതോടെ 6000 രൂപയാണ് തങ്ങൾ ആവശ്യപ്പെട്ടതെന്നും 60,000 എന്നു തെറ്റിദ്ധരിച്ചതാണെന്നും ഡ്രൈവർ അവകാശപ്പെട്ടിരുന്നു. എന്നാൽ അന്വേഷണം നടത്തിയ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്ത് ദേശീയ ദുരന്ത നിവാരണ നിയമം അനുസരിച്ച് കേസെടുക്കുകയായിരുന്നു. ആംബുലൻസും പിടിച്ചെടുത്തു. സംസ്ഥാനത്തെ സ്വകാര്യ ആംബുലൻസുകളുടെ കൊള്ളനിരക്കിനു തടയിടാൻ ഫിക്സഡ് നിരക്ക് ഏർപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.