കോട്ടയം : കൂട്ടിക്കല്‍ ഇളംകോട് വീട്ടമ്മയെ പൊള്ളലേറ്റു മരിച്ചനിലയില്‍ വീടിനു സമീപമുള്ള ആറ്റില്‍ കണ്ടെത്തി.
65 കാരിയായ ലീലാമ്മയെയാണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം ഇളയമകന്‍ ബിപിനാണ് ലീലാമ്മയെ കാണാനില്ലെന്ന് നാട്ടുകാരെ അറിയിക്കുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലെ ആറ്റിലെ കുഴിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീടിനു സമീപത്തു നിന്ന് ആറ്റിലേക്ക് ഇറങ്ങാന്‍ മുന്‍പ് വഴിയുണ്ടായിരുന്നെങ്കിലും പ്രളയത്തില്‍ അതു നശിച്ചിരുന്നു. അതുകൊണ്ടു തന്നെ എങ്ങനെ ആറ്റില്‍ എത്തിയെന്നതും ലീലാമ്മയുടെ ശരീരത്തില്‍ പൊള്ളലേറ്റത് എങ്ങനെയെന്നതും ഇനിയും വ്യക്തമായിട്ടില്ല.
ബിപിനൊപ്പമാണ് ലീലാമ്മ താമസിച്ചിരുന്നത്. മരണത്തില്‍ ദുരൂഹ നിലനില്‍ക്കുന്നതിനാല്‍ ബിപിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു. ഫൊറന്‍സിക്, വിരലടയാള വിദഗ്ധര്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. ബിജുവാണ് ലീലാമ്മയുടെ മറ്റൊരു മകന്‍.