മുംബൈ: ബോളിവുഡ് താരം അർജുൻ കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പ്രകടമായ ലക്ഷണങ്ങളൊന്നും ഇല്ലെന്നും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം വീട്ടില് നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അർജുൻ അറിയിച്ചു. വരും ദിവസങ്ങളില്‍ തന്റെ ആരോഗ്യത്തെ കുറിച്ചുള്ള വിവരങ്ങൾ ആരാധകരുമായി പങ്കിടുന്നത് തുടരുമെന്നും താരം വ്യക്തമാക്കി.
“എനിക്ക് കോവിഡ് പോസിറ്റീവാണെന്ന് നിങ്ങളെ അറിയിക്കേണ്ടത് എന്റെ കടമയാണ്. നിലവില്‍ എനിക്ക് പ്രശ്നങ്ങളൊന്നും ഇല്ല, പ്രകടമായ ലക്ഷണങ്ങളും ഇല്ല. ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിര്‍ദ്ദേശപ്രകാരം വീട്ടില് നിരീക്ഷണത്തില്‍ കഴിയുകയാണ്. നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു. വരും ദിവസങ്ങളിൽ എന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാവരെയും അറിയിക്കും. അസാധാരണവും അഭൂതപൂർവ്വമായ സമയമാണിത്, മനുഷ്യരാശിയെല്ലാം ഈ വൈറസിനെ മറികടക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്”,അർജുൻ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
നിലവില്‍ സഹോദരി അൻഷുലയ്‌ക്കൊപ്പം മുംബൈയിലാണ് അർജുൻ കപൂർ താമസിക്കുന്നത്. ചലച്ചിത്ര നിർമ്മാതാവ് ബോണി കപൂറിന്റെ മകനാണ് അർജുൻ.