കോഴിക്കോട് : വാളയാര്‍ സംഭവത്തിന്റെ നടുക്കം മാറും മുമ്പ് അതിക്രൂരമായ മറ്റൊരു പീഡനം. കോഴിക്കോട് ജില്ലയിലെ ഉണ്ണിക്കുളം പഞ്ചായത്തില്‍ ആറു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു. എകരൂലിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. 15 ആം വാര്‍ഡില്‍ മാളൂര്‍മ്മല്‍ ക്വാറിക്കടുത്താണ് കുടുംബം താമസിക്കുന്നത്. ക്വാറിയില്‍ ജോലി ചെയ്യുന്ന കുടുംബത്തിലുള്ള കുട്ടിയാണ് ക്രൂരലൈംഗിക പീഡനത്തിനിരയായത്. സംഭവസമയം രക്ഷിതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്.
ആറു വയസുകാരിയെ കൂടാതെ മൂന്നര, ഒന്നര വയസുകാരായ രണ്ടു ആണ്‍കുട്ടികള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അടച്ചുറപ്പില്ലാത്ത ചെറിയ വീടിന്റെ വരാന്തയില്‍ ഇരുന്ന കുട്ടികളുടെ കരച്ചില്‍ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. രാത്രി ഒമ്പതരയോടെ കുട്ടിയുടെ അമ്മ വീട്ടില്‍ നിന്ന് പുറത്തേക്ക് പോവുന്നത് കണ്ടതായി പ്രദേശവാസികളില്‍ നിന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വടകര റൂറല്‍ എസ്‌പി ശ്രീനിവാസ് താമരശ്ശേരി ഡിവൈ.എസ്‌പി പ്രിഥിരാജ്, തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.