തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്ടറിന് വേണ്ടി ഇതുവരെ ചെലവഴിച്ചത് 7.20 കോടി രൂപ. പൊതു ആവശ്യങ്ങള്‍ക്ക് പുറമെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും എയര്‍ ആംബുലന്‍സായും അവയവ കൈമാറ്റത്തിനും ഉപയോഗിക്കാന്‍ വേണ്ടിയാണ് ഹെലികോപ്ടര്‍ വാടകയ്ക്കെടുത്തത് എന്നാണ് പോലീസ് ആസ്ഥാനത്തുനിന്ന് ലഭിച്ച വിവരങ്ങളില്‍ വ്യക്തമാകുന്നത്. വിവരാവകാശ നിയമപ്രകാരമാണ് വിവരങ്ങള്‍ തേടിയിരിക്കുന്നത്. 2023 സെപ്റ്റംബര്‍ 20 മുതലാണ് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നത്. ജി.എസ്.ടി. ഉള്‍പ്പെടെ മാസം 80 ലക്ഷം രൂപയാണ് ഇതിന് വേണ്ടി ചെലവഴിക്കേണ്ടത്. ഡല്‍ഹി ആസ്ഥാനമായ ചിപ്‌സന്‍ ഏവിയേഷന്‍ എന്ന സ്വകാര്യ കമ്പനിയില്‍നിന്നാണ് ഹെലികോപ്ടര്‍ വാടകക്കെടുത്തിരുന്നത്.
മാസം 25 മണിക്കൂര്‍ ഈ നിരക്കില്‍ പറക്കാൻ സാധിക്കും. അധികം വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം വാടക നല്‍കണം എന്നാണ് വ്യവസ്ഥയില്‍ പറയുന്നത്. എന്നാല്‍ 20/09/2023 മുതല്‍ 19/06/2024 വരെയുള്ള ഒമ്പത് മാസത്തെ കാലയളവിനിടയില്‍ എത്രതവണ ഹെലികോപ്ടര്‍ ഉപയോഗിച്ചുവെന്ന് സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. പോലീസ് വകുപ്പാണ് ഹെലികോപ്ടറിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ എത്ര തവണ ഹെലികോപ്ടര്‍ ഉപയോഗിച്ചു എന്ന ചോദ്യത്തിന് എല്ലാ മാസവും നിശ്ചിത മണിക്കൂര്‍ സമയപരിധി പാലിച്ചുകൊണ്ട് ഹെലികോപ്ടറിന്റെ സേവനം വിനിയോഗിക്കുന്നുണ്ടെന്നാണ് പോലീസ് ആസ്ഥാനത്ത് നിന്ന് ലഭിക്കുന്ന വിവരം.
അത്യാവശ്യ ഘട്ടങ്ങളില്‍ എയര്‍ ആംബുലന്‍സായും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാനും കൂടിയാണ് ഹെലികോപ്റ്റര്‍ വാങ്ങിയതെന്ന് മറുപടിയില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ കാലയളവിലാണ് വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഈ സമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഹെലികോപ്ടര്‍ ഉപയോഗിച്ചിരുന്നതായി പറയുന്നില്ല. പൈലറ്റ് ഉള്‍പ്പെടെ പതിനൊന്നു പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാന്‍ കഴിയുന്ന ഈ ഹെലികോപ്ടര്‍ ഏതൊക്കെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്ന ചോദ്യത്തിന് പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് എന്നതാണ് മറുപടിയിലുള്ളത്. എന്നാല്‍ ഏതൊക്കെയാണ് ആ പൊതു ആവശ്യങ്ങളെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ഏഴ് കോടി ഇരുപത് ലക്ഷം രൂപ ഒമ്പത് മാസത്തിനിടെ ഹെലികോപ്ടറിന് വേണ്ടി വാടക അടക്കം സര്‍ക്കാര്‍ ചിലവഴിച്ചിട്ടുണ്ട്. എന്നാല്‍ ഈ കാലയളവില്‍ ഹെലികോപ്ടര്‍ എന്തെങ്കിലും ആവശ്യത്തിന് ഉപയോഗിച്ചിരുന്നതായി വെളിപ്പെടുത്തിയിട്ടില്ല. ഒഴുക്കന്‍ മട്ടില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എല്ലാ മാസവും നിശ്ചിത മണിക്കൂര്‍ സമയപരിധി പാലിച്ചുകൊണ്ട് ഹെലികോപ്ടറിന്റെ സേവനം വിനിയോഗിക്കുന്നുണ്ട് എന്നാണ് മറുപടി. അതേസമയം നിലവിലെ കരാര്‍ പുതുക്കി വീണ്ടും ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാൻ പോകുകയാണ്. നേരത്തെ കോവിഡ് പ്രതിസന്ധിക്കിടെ 2020-ല്‍ ആദ്യമായി സര്‍ക്കാര്‍ ഹെലികോപ്ടര്‍ വാടകക്കെടുത്തപ്പോള്‍ പല ഭാഗത്തുനിന്നും ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. പവന്‍ ഹംസ് കമ്പനിയില്‍ നിന്നായിരുന്നു അന്ന് 22.21 കോടി രൂപ ചെലവഴിച്ച് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്തത്. ഇതില്‍നിന്ന് കാര്യമായ പ്രയോജനം ഉണ്ടായില്ലെന്ന് രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെ കരാര്‍ പിന്നീട് പുതുക്കിയില്ല. ഇതിന് ശേഷം രണ്ടര വര്‍ഷം കഴിഞ്ഞാണ് 2023-ല്‍ വീണ്ടും ഹെലികോപ്ടര്‍ വാടകക്കെത്തിക്കാന്‍ തീരുമാനിച്ചത്. ഇതും വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.